മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ നവംബര്‍ 7നുണ്ടായ വാഹാപകടത്തില്‍ പരിക്കേറ്റ റംല മരിച്ചു

ജിദ്ദ: നവംബര്‍ 7ാം തീയ്യതി മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയില്‍ റാബിഗിനടുത്ത്‌വെച്ച് സഞ്ചരിച്ച വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജിദ്ദ കിംഗ് അബ്ദുള്ള മെഡിക്കല്‍ കോംപ്‌ളക്‌സില്‍ ചികിത്സയില്‍ ഉണ്ടായ പാണ്ടിക്കാട് സ്വദേശി ബീരാന്‍ കുട്ടിയുടെ ഭാര്യ റംലത്ത് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് ബദര്‍ വഴി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് കാര്‍ മറിഞ്ഞ് മലപ്പുറം പാണ്ടിക്കാട് പാണ്ടിക്കാട് തുവ്വൂര്‍ റെയില്‍വേസ്‌റ്റേഷനടുത്ത് ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) അപകടസ്ഥലത്തുവെച്ച് മരിച്ചിരുന്നു. വാഹനമോടിച്ച പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫ്(38) ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

അപകടത്തില്‍ മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി നാട്ടിലേക്ക് പോയിരുന്നു. മൂന്നര വയസുകാരി മകള്‍ അയമിന്‍ റോഹ, ജിദ്ദയില്‍ ജോലി ചെയ്യുന്ന തുവ്വൂര്‍ സ്വദേശിയായ നൗഫലിന്റെ ഭാര്യ റിന്‍സില, മാതാവ് റംലത്ത്, സഹോദരന്‍ മുഹമ്മദ് ബീന്‍സ് എന്നിവര്‍ക്ക് പരിക്ക് പറ്റിയിരുന്നു.  ഇവരില്‍ അബ്ദുറഊഫ്, ഫര്‍സീന, റംലത്ത് എന്നിവര്‍ക്കാണ് ഗുരുതര പരിക്കുണ്ടായത്.