കാറില്‍ എത്തിയ അക്രമിസംഘം ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. നേതാവിനെ വെട്ടിക്കൊന്നു

മണ്ണഞ്ചേരി (ആലപ്പുഴ)/കൊച്ചി: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍വെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.45-ഓടെ ആശുപത്രിയില്‍ മരിച്ചു. ഷാന്റെ കൈകാലുകള്‍ക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. ഷാനെ ആദ്യം മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് (അല്‍ഷ ഹൗസ്) സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. പിന്നില്‍നിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൃത്യം നിര്‍വഹിച്ചശേഷം വന്നവഴിതന്നെ അക്രമിസംഘം തിരികെപ്പോയി.

പൊന്നാട് സ്വദേശിയില്‍നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് അക്രമിസംഘമെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാറിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വി.യില്‍ ആക്രമണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അതേസമയം ആക്രമണം നടത്തിയത് ആര്‍.എസ്.എസ്. ആണെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു.

ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആര്‍എസ്എസ് നടത്തിയ ആസൂത്രിത ആക്രമണത്തില്‍ സി പി മുഹമ്മദ് ബഷീര്‍ ശക്തമായി പ്രതിഷേധിച്ചു.. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം.
ആലപ്പുഴയില്‍ അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാന് നേരെ ആക്രമണം നടന്നിട്ടുള്ളത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.