മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറായിട്ട് എന്ത് കാണിക്കാനാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹാസരൂപേണ ചോദിച്ചത്. ധാര്‍മികതയുണ്ടെങ്കില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവച്ച് പോവുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സര്‍വകലാശാലകളിലെ വിവാദനിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ക്കും പിഴവുപറ്റിയെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്.
ചാന്‍സലറാകാന്‍ ഗവര്‍ണനാണ് യോഗ്യനെന്ന് മുല്ലപ്പള്ളി പറഞ്ഞു. സര്‍വകലാശാലകളില്‍ സിപിഎം ബന്ധു നിയമനങ്ങള്‍ നടക്കുകയാണ്. സിപിഎം പലയിടത്തും നടത്തുന്ന സുതാര്യതയില്ലാത്ത നിയമനങ്ങള്‍ അംഗീകരിക്കാനാവില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ ഇടപെടല്‍ ഉചിതമല്ല. സര്‍വകലാശാലകളില്‍ പാര്‍ട്ടിക്കാരെ അനധികൃതമായി തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂര്‍ വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നല്‍കാന്‍ സിപിഎം നീക്കം നടത്തുമ്പോള്‍ മന്ത്രി ബിന്ദുവിന്റെ രാജിയാവശ്യപ്പെട്ട് സമരം കടുപ്പിക്കുവാനൊരുങ്ങുകയാണ് പ്രതിപക്ഷം.





