കാശി ധാം ഇടനാഴി രാജ്യത്തിന് മുന്നിൽ തുറന്ന് കൊടുത്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.വാരാണസിയിൽ 50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നതാണ്.ഇന്ന് കാശി വിശ്വനാഥന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കാശി ധാം ഇടനാഴി പരിസരം ഒരു മഹത്തായ ‘ഭവനം’ മാത്രമല്ല, ഇന്ത്യയുടെ സനാതന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നുവെന്ന് ഇവിടെ നിങ്ങൾ കാണുമെന്നും അദ്ദേഹം പറഞ്ഞു. ‘ഹർ ഹർ മഹാദേവ്’ എന്നു ഉദ്ധരിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം പ്രസംഗം ആരംഭിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
“ഇവിടെ വന്നാൽ നിങ്ങൾ വിശ്വാസം മാത്രമല്ല കാണുക, നിങ്ങളുടെ ഭൂതകാലത്തിന്റെ മഹത്വം നിങ്ങൾക്ക് ഇവിടെ അനുഭവപ്പെടും. പൗരാണികതയും പുതുമയും എങ്ങനെ ഒന്നിക്കുന്നു എന്ന് ഇവിടെ കാണാം. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നു എന്ന് കാശി വിശ്വനാഥ് ധാം സമുച്ചയത്തിൽ നേരിട്ട് കാണാം,” പ്രധാനമന്ത്രി മോദി പറഞ്ഞു.
കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമാണത്തിന് 339 കോടി രൂപയാണ് ചെലവായത്.
ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽനിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉദ്ഘാടനത്തിന് മുൻപ് ക്ഷേത്രത്തിലെ പൂജാ ചടങ്ങിൽ പങ്കെടുത്ത മോദി, പിന്നീട് പദ്ധതി നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്കുമേൽ പുഷ്പവൃഷ്ടി നടത്തി. അവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.
യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്. വൈകീട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വര്‍വേദ് മഹാമന്ദിര്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.
പ്രശസ്ത ആര്‍ക്കിടെക്റ്റ് ഭിമല്‍ പട്ടേലാണ് ഇടനാഴി രൂപകല്പന ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ അമരക്കാരനും അദ്ദേഹമാണ്. ഇടുങ്ങിയ വഴിയിലൂടെ ക്ഷേത്രത്തിലേക്കുള്ള യാത്ര തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കണ്ടെത്തി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇടനാഴി പദ്ധതിക്കു രൂപംനല്‍കിയത്.






