വിശ്വസുന്ദരി കിരീടം ഇന്ത്യയുടെ നെറുകയിൽ; 21 വർഷത്തിന് ശേഷം ഹർനാസ് സന്ധു വിശ്വസുന്ദരി

ജറുസലേം: ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പഞ്ചാബിൽ നിന്നുള്ള 21-കാരി ഹർനാസ് സന്ധുവാണ് വീണ്ടുമൊരു വിശ്വസുന്ദരീ പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.1994ൽ സുസ്മിത സെന്നും 2000ൽ ലാറ ദത്തയുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയത്.

ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെ സെക്കൻഡ് റണ്ണറപ്പും പരാഗ്വേയുടെ നാദിയ ഫെരേര ഫസ്റ്റ് റണ്ണറപ്പുമായി പ്രഖ്യാപിക്കപ്പെട്ടു.2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹർണാസ് തന്റെ 17-ാം വയസ് മുതൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. 2017 ൽ മിസ്സ് ചണ്ഡീഗഡായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഈ മത്സരം വീക്ഷിക്കുന്ന യുവതികൾക്ക് നിങ്ങൾ നൽകുന്ന ഉപദേശമെന്നതായിരുന്നു ഫൈനൽ റൗണ്ടിലെ ഒരു ചോദ്യം. “ഇന്നത്തെ യുവത നേരിടുന്ന വലിയസമ്മർദ്ദം, സ്വയം വിശ്വസിക്കുക എന്നതിലാണ്. നിങ്ങളിലെ സവിശേഷത തിരിച്ചറിയുന്നത് നിങ്ങളെ സുന്ദരമാക്കും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കി ലോകമെമ്പാടും നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തുവരൂ, നിങ്ങൾക്കു വേണ്ടി സംസാരിക്കൂ, നിങ്ങൾ തന്നെയാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്, നിങ്ങളുടെ ശബ്ദം തന്നെയാണ് നിങ്ങളെ നിർവചിക്കുന്നത്. ഞാൻ എന്നിൽ വിശ്വസിച്ചു, അതുകൊണ്ടാണ് ഇന്ന് ഞാനവിടെ നിൽക്കുന്നതും.” – ഹർനാസ് നൽകിയ മറുപടി ഇങ്ങനെ.