ധീര ജവാൻ പ്രദീപിൻ്റെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു; അന്ത്യാഞ്ജലി അർപ്പിക്കാൻ നിറകണ്ണുകളോടെ ആയിരങ്ങൾ

തൃശൂർ: കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിൻ്റെ മൃതദേഹം ജന്‍മനാടായ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ശേഷം പൊന്നൂക്കരയിലെ വീട്ടിലെത്തിക്കും.മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ഡല്‍ഹിയില്‍ നിന്നും കോയമ്പത്തൂര്‍ സുളൂര്‍ വ്യോമസേനാ ആസ്ഥാനത്ത് എത്തിച്ചത്. തുടര്‍ന്ന് ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് പുറപ്പെടുകയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഉച്ചയോടെ കേരള അതിര്‍ത്തിയായ വാളയാറില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, ആര്‍ ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.വൈകിട്ട് അഞ്ചുമണിയോടെ എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കും.
ധീര ജവാന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് പൊന്നൂക്കരയിലെത്തിയത്. വാളയാറില്‍ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. രാജ്യസ്‌നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നിരവധിപേരാണ് മണിക്കൂറുകളോളം വിലാപയാത്ര വരുന്ന വഴിയില്‍ കാത്തുനിന്നത്..






