മോഫിയയുടെ ആത്മഹത്യ; സി ഐ ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ആലുവ:മോഫിയ പർവീൺ ആത്മത്യയുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ സി ഐ , സി എൽ സുധീറിന് വീഴ്ച പറ്റിയിട്ടില്ല എന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്.സി ഐ നടത്തിയ മധ്യസ്ത ചർച്ചയിൽ തെറ്റില്ല.എന്നാല്‍ കേസെടുക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല.

സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായി.യുവതി ഭർത്താവിനെ സ്റ്റേഷനിൽ വച്ച് മർദിച്ചപ്പോൾ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ചെറിയ തെറ്റുകൾ മാത്രമാണ് സി.ഐ.യുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡി.ഐ.ജി, ഡി.ജി.പിക്ക് കൈമാറും.

കേസുമായി ബന്ധപ്പെട്ട് പ്രതികളായ സുഹൈൽ,പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ മജിസ്‌ട്രേറ്റിന്‍റെ ചേംബറിൽ ഹാജരാക്കി.പ്രതികളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.

അതേസമയം സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് 11 മണിക്ക് സി ഐയുടെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ട് എസ്പി ഓഫീസിലേയ്ക്ക് ഡിസിസി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ സിഐ സുധീറിനെ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്. റോജി എം ജോണ്‍ എന്നിവരാണ് ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ആലുവ സിഐ സിഎൽ സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ ഉമ്മ ഫാരിസ പറഞ്ഞിരുന്നു. പൊലീസിൻ്റെ ഭാഗത്തുനിന്ന് വളരെ മോശമായ അനുഭവമാണ് മകൾക്ക് ഉണ്ടായതെന്നും അതുകൊണ്ടാണ് അവൾ ജീവനൊടുക്കിയതെന്നും ഉമ്മ പറഞ്ഞു.
നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെയായതോടെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് മാതാവ് ഫാരിസ പറഞ്ഞിരുന്നു.നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നതിന് പകരം അപമാനിക്കുകയാണ് സി.ഐ സുധീർ ചെയ്തത്. ആളുകളുടെ ജീവനെടുക്കുന്ന ഈ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഫാരിസ അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക