സംസ്ഥാനത്തെ 744 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ

691 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചു.ഉദയകുമാർ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ടു പോലീസുകാരും മുതൽ പോക്സോ കേസിൽ ശിക്ഷപ്പെട്ട പൊലീസുകാരൻ വരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ എന്ന് സർക്കാർ.കഴിഞ്ഞ പത്ത് വർഷത്തിനിടെയിലുള്ള കണക്കാണിത്.18 പേരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. 691 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചു. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി നിയമസഭയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 744 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായും രേഖകൾ പറയുന്നു.
പിരിച്ചുവിട്ടവരുടെ കണക്ക് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രമാണിത്. ഉദയകുമാർ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ടു പോലീസുകാരും മുതൽ പോക്സോ കേസിൽ ശിക്ഷപ്പെട്ട പൊലീസുകാരൻ വരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്. നിലവിൽ 691 പേർക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. കോടതിയിൽ കേസുള്ളപ്പോൾ വകുപ്പ് തല അന്വേഷണവും ഇഴഞ്ഞുനീങ്ങും. ഇതിനകം കേസിൽ ഉൾപ്പെട്ട് സസ്പെൻഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥരും തിരികെ കയറുകയും നിർണായക പദവികൾ വഹിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ക്രിമിനൽ കേസിൽ ഉൾപ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വായിച്ചിരുന്നു. മുഖ്യമന്ത്രി വായിച്ച പട്ടികയിൽ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥർ ഇപ്പോഴും സ്റ്റേഷൻ ചുമതലയും സബ് ഡിവിഷൻ ചുമതലയും വഹിക്കുന്നുണ്ട്. ഉത്രക്കേസിൽ അച്ചടക്ക നടപടി നേരിട്ട എസ്എച്ച്ഒ സുധീർ ആലുവ പൊലീസിലെ പ്രധാനപ്പെട്ട സ്റ്റേഷനിലെത്തിയത് തന്നെ ഇതിനു തെളിവാണ്. നവവധുവിൻെറ ആത്മഹത്യയിൽ ആരോപണ നേരിടുകയാണ് ഇപ്പോൾ സുധീർ.
നിയമസഭയിൽ കെ കെ രമ എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗാർഹിക പീഡനം, അതിർത്തി തർക്കം തുടങ്ങി കേസുകൾ വഴി ക്രിമിനലുകളുടെ പട്ടികയിലുൾപ്പെടുന്ന പൊലീസുകാർ മുതൽ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചവരും വരെ ക്രിമിനൽ കേസ് പട്ടികയിലുണ്ട്.






