മോഫിയയുടെ ആത്മഹത്യ: മോഫിയ അനുഭവിച്ചത് കടുത്ത ശാരീരിക മാനസീക സ്ത്രീധന പീഢനം;ഭർത്താവും വീട്ടുകാരും അറസ്റ്റിൽ

മോഫിയയുടെ മരണശേഷം സുഹൈലും മാതാപിതാക്കളും ഒളിവിൽ പോയിരുന്നു. ഉപ്പുകണ്ടത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് മൂവരെയും ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണകുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയത്.

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവർ ഒളിവിലായിരുന്നു.മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യുസുഫ്, മാതാവ് റുഖിയ എന്നിവരാണ് അറസ്റ്റിലായത്.മൂന്നുപേരെയും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും.ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെയും സുഹൈലിൻ്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ ആലുവ സിഐ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

പോലീസ് പ്രതികൂട്ടിലായ കേസ് കൂടിയായതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പോലീസ് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ വരുത്തിയതെന്ന് അൻവർ സാദത്ത് എംഎൽഎ ആരോപിച്ചു. അതിനിടെ, സുഹൈലിനെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ രംഗത്തെത്തി. മകൾക്ക് ഭർത്താവിന്‍റെ വീട്ടിൽ അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമാണെന്ന് അച്ഛൻ ദിൽഷാദ് കെ സലീം പറഞ്ഞു. സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്കടിമയായിരുന്നെന്നും ദിൽഷാദ് കെ സലീം ആരോപിച്ചു. ഇത് മോഫിയയെ മാനസികമായി തകർത്തിരുന്നു. ശരീരം മുഴുവൻ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മർദ്ദിച്ചിരുന്നെന്നും ദിൽഷാദ് കൂട്ടിച്ചേർത്തു. അറസ്റ്റിലായ പ്രതികൾക്ക് മേൽ സ്ത്രീധനനിരോധന വകുപ്പും ചുമത്തിയിട്ടുണ്ട്.

പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും അതിനാൽ രക്ഷപെടാത്ത വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും പൊതു പ്രവർത്തകനായ അലി പടിഞ്ഞാറെ ചാലിൽ പറഞ്ഞു. ആരോപണം ഉയർന്നതിന് പിന്നാലെ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാൽ, സുധീറിനെ സർവീസിൽ നിന്ന് നീക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഉത്ര കേസിലുൾപ്പടെ വീഴ്ച വരുത്തിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സിഐ സുധീർ. പൊലീസ് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ ഉണ്ടായ കാര്യങ്ങളിൽ ഉൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.