അനുപമയുടെ കുഞ്ഞിന്‍റെ ഡി എൻ എ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിച്ചു

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസിൽ ഡി എൻ എ പരിശോധയ്ക്കായി കുഞ്ഞിൻ്റെ സാമ്പിൾ ശേഖരിച്ചു.കേസിൽ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാകും.

കുഞ്ഞിന്‍റെയും തന്‍റെയും ഡിഎൻഎ പരിശോധന ഒരുമിച്ചാക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിനെ കാണാന്‍ ഇതുവരെ സമ്മതിച്ചില്ല.ഡിഎന്‍എ പരിശോധയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍ ആരോപിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടവര്‍ക്ക് വീണ്ടും പരിശോധനയുടെ ഉത്തരവാദിത്വം കൊടുക്കുന്നത് തന്നെ മര്യാദകേടാണെന്ന് അനുപമ പറഞ്ഞു. അവര്‍ക്ക് തന്നെ വീണ്ടും ഉത്തരവാദിത്വം കൊടുത്താല്‍ പ്രതികാര മനോഭാവത്തോടെയാകും പെരുമാറുക. എന്തുകൊണ്ടാണ് സാമ്പിളുകള്‍ ഒരുമിച്ച് എടുക്കാത്തത് ? നേരത്തെ, ഒരു കുഞ്ഞിൻ്റെ ഡിഎന്‍എ പരിശോധന നടത്തിയതാണ്.അന്ന് ഒരുമിച്ചാണ് സാമ്പിള്‍ ശേഖരിച്ചതെന്നും അനുപമ പറഞ്ഞു.
തന്‍റെ കുഞ്ഞിനെ തന്നെ പരിശോധനയ്ക്ക് എത്തിക്കുമെന്ന് എന്താണ് ഉറപ്പ്? ഇത്രയും ചെയ്തവർക്ക് പരിശോധനയിൽ തിരിമറി നടത്താനാവും. വ്യക്തിവൈരാഗ്യം കൊണ്ടാണ് പരിശോധന വൈകിപ്പിക്കുന്നതെന്നും അനുപമ.

ആന്ധ്ര പ്രദേശിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. നിർമല ശിശുഭവനിൽ കുഞ്ഞിനു സംരക്ഷണം ഒരുക്കി. കുഞ്ഞിനെ ആന്ധ്രാ ദമ്പതികളിൽ നിന്നും എത്തിച്ചെന്ന റിപ്പോർട്ട് ശിശുക്ഷേമ സമിതിയും വൈദ്യ പരിശോധനാ റിപ്പോർട്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് സമർപ്പിക്കും.

വന്‍ പോലീസ് സുരക്ഷയാണ് കുഞ്ഞിനെ കൊണ്ടുവരുന്നതിനായി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കനത്ത സുരക്ഷയില്‍ത്തന്നെ കുഞ്ഞിനെയും കൊണ്ടുവന്ന സ്ത്രീയെയും പ്രത്യേക കാറില്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയി. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നുപോലീസുകാരും ഒരു സാമൂഹികപ്രവര്‍ത്തകയുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഡിഎന്‍എ പരിശോധന സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് അനുപമ പറഞ്ഞു. ഈ മാസം 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. ഇതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിഎൻഎ പരിശോധനാഫലം അടക്കമുള്ള അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്.