ചായക്കടയിലെ വരുമാനത്തിൽ നിന്നും ലോകം ചുറ്റിക്കണ്ട വിജയൻ അന്തരിച്ചു

2007 ൽ ആദ്യ വിദേശ യാത്ര ഈജിപ്തിലേക്ക്; കഴിഞ്ഞ ഒക്ടോബറിൽ അവസാന യാത്ര റഷ്യയിലേക്കും

കൊച്ചി: കൊച്ചി ഗാന്ധിനഗറില്‍ ചായക്കട നടത്തി വരുമാനത്തിൽ മിച്ചംപിടിച്ച് കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു.ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
ചായക്കട നടത്തിവന്ന വിജയനും ഭാര്യ മോഹനയും ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളിലൂടെയാണ് .ശ്രദ്ധേയരായത്. ചായക്കടയിലെ വരുമാനത്തിൽ നിന്ന് ചെറുവിഹിതം എല്ലാ ദിവസവും മാറ്റിവച്ചായിരുന്നു ഈ ലോകയാത്രകൾ.പ്രതിദിനം 300 രൂപയോളം ഈ യാത്രകൾക്കായി മിച്ചംപിടിച്ചാണ് ഈ ദമ്പതികൾ സ്വപ്നസഞ്ചാരങ്ങൾ നടത്തിയത്.
പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയന്‍ സന്ദര്‍ശിച്ചത്.2007 ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒടുവിലത്തെ റഷ്യന്‍ യാത്ര.റഷ്യ സന്ദർശിച്ച ശേഷം മൂന്നാഴ്ച മുൻപാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ജപ്പാനിലേക്ക് അടുത്ത യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. 56 ഉം 55 ഉം വയസുള്ളപ്പോഴായിരുന്നു ദമ്പതികളുടെ ആദ്യവിദേശയാത്ര.
16 വർഷത്തിനിടെ 26 രാജ്യം സന്ദർശിച്ച ദമ്പതിമാരുടെ കഥ കേരളത്തിലും പുറത്തുമുള്ള മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

1988 ൽ ഹിമാലയത്തിലേക്കുള്ള യാത്രയും ഈ ദമ്പതികൾ പൂർത്തിയാക്കിയിരുന്നു.റഷ്യൻ സന്ദർശനത്തിന് മുൻപ് ടൂറിസം മന്ത്രി മുഹമ്മദ്..റിയാസ് കടവന്ത്രയിലെ ഇവരുടെ കടയിലെത്തി വിനോദസഞ്ചാരം സംബന്ധിച്ച വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതും വാർത്തകളിൽ ഇടംനേടി.വിജയന്റെ ശ്രീ ബാലാജി കോഫി ഹൗസ് ചുവരുകൾ അലങ്കരിക്കുന്നത് ദമ്പതിമാർ സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉൾക്കൊണ്ട് ലോകയാത്രകൾക്ക് ഇറങ്ങിത്തിരിച്ചവരും ഏറെയാണ്.അടുത്ത യാത്ര ജപ്പാനിലേക്ക് എന്ന് തീരുമാനിച്ചിരിക്കെയാണ് വിജയൻ വിട പറഞ്ഞത്. ഭാര്യ മോഹനക്കൊപ്പം ഇനിയും ലോകം കാണണമെന്ന് ആഗ്രഹം ബാക്കിവെച്ചാണ് വിജയൻ യാത്രയായത്.