പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ നിർത്തുന്നു;മജീഷ്യൻ ഗോപിനാഥ് മുതുകാട്

ഇനിയുള്ള കാലം ഭിന്ന ശേഷിക്കാരായ കുട്ടികൾക് വേണ്ടി മാറ്റിവെക്കുന്നു എന്ന് മുതുകാട്
തിരുവനന്തപുരം: പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ നിർത്തുന്നുവെന്നും ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മാറ്റിവെക്കുന്നതായും പ്രമുഖ മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട്.നാലരപതിറ്റാണ്ടുകാലത്തെ പ്രൊഫഷണല്‍ മാജിക് ജീവിതത്തില്‍ നിന്നാണ് മുതുകാട് പിന്മാറുന്നത്.ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതാണ് തന്റെ ലക്ഷ്യമെന്ന് മുതുകാട് പറഞ്ഞു.ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. 45 വര്‍ഷമായി പ്രൊഫഷണലായി മാജിക് നടത്തിയതാണ്.മാജികില്‍ മാത്രം ശ്രദ്ധിച്ചാല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ കുറയും.ഞാന്‍ മാജിക് കാണിച്ചു നടക്കേണ്ട ആളല്ല, ഈ കുട്ടികള്‍ക്കു വേണ്ടി ജീവിക്കേണ്ട ആളാണ് എന്നുള്ള തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണല്‍ ഷോകള്‍ നിര്‍ത്തുന്നത്.എന്നാല്‍ മാജിക് അക്കാദമി തുടരുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തെ സംബന്ധിച്ചിടത്തോളം ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ മൂന്നു ലക്ഷത്തിലധികമുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ആ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആര്‍ട്ടിലൂടെ എന്തു ചെയ്യാന്‍ സാധിക്കും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മുതുകാട് പറഞ്ഞു.ഭിന്നശേഷി കുട്ടികൾക്കായുള്ള സൗജന്യമായുള്ള തെറാപ്പി സെന്ററുകള്‍, സ്കൂള്‍ സെന്റർ, പെർഫോമിംഗ് തിയറ്ററുകളുടെ എല്ലാം പ്രവർത്തനങ്ങള്‍ നടക്കുകയാണ്.
1985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യമാണ്. 1996-ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ എക്സിക്യുട്ടിവ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു. നിലമ്പൂർ ആസ്ഥാനമാക്കി മുതുകാട് മാജിക്കൽ എന്‍റര്‍ടെയ്നേഴ്സ് എന്ന പേരിൽ ഒരു മാജിക് ട്രൂപ്പിനു രൂപം കൊടുത്തു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പരിപാടികൾ മുതുകാട് അവതരിപ്പിച്ചിട്ടുണ്ട്.






