ശ്വാസം മുട്ടി ഡൽഹി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കാനും വർക്ക് ഫ്രം ഹോമിനും നിർദ്ദേശം

ഓൺലൈൻ പഠനത്തിലേക്ക് മടങ്ങാൻ തയ്യാറായി ഡൽഹി വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ന്യൂഡൽഹി: ഡൽഹി നഗരത്തിൽ വായു മലിനീകരണം മൂലം ശ്വാസം മുട്ടുന്ന സാഹചര്യത്തിൽ എല്ലാ സ്കൂളുകളും വ്യവസായ ശാലകളും അടച്ചിടാനും ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്താനും എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ നിർദ്ദേശിച്ചു.ഡൽഹിയിലെ അതിഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ സുപ്രീം കോടതി നിർദേശം അനുസരിച്ച് ചേർന്ന എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷൻ യോഗത്തിനു ശേഷമാണ് തീരുമാനം.
കോവിഡ് മൂലം അടഞ്ഞുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്തിടെയാണ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.അടിയന്തര യോഗത്തിനു ശേഷം കമ്മിഷൻ ഡൽഹി,ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാന സർക്കാരുകൾക്കാണ് നിർദേശം കൈമാറിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നവംബർ 21 വരെ ഡൽഹിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ഉദ്യോഗസ്ഥർക്ക് വർക് ഫ്രം ഹോം നൽകുക,വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക എന്നിവയാണു 9 പേജുള്ള ഉത്തരവിൽ പറയുന്നത്.അവശ്യസാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ ഒഴികെ മറ്റൊന്നും നവംബർ 21 വരെ ഡൽഹിയിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ഡൽഹി നഗരത്തിൽ ഓടാൻ അനുമതിയില്ല.
ഡൽഹി മേഖലയിൽ അഞ്ച് തെർമൽ പവർ പ്ലാന്റുകൾക്കു മാത്രമേ പ്രവർത്തനാനുമതിയുള്ളൂ.സർക്കാർ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിർമ്മാണ പ്രവൃത്തികൾക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്.റെയിൽ വേ സ്റ്റേഷൻ, മെട്രോ റെയിൽ സര്‍വീസുകള്‍ സ്റ്റേഷനുകളും, വിമാനത്താവളങ്ങളും ബസ് ടെര്‍മിനലുകള്‍, ദേശീയ സുരക്ഷാ പ്രോജക്ടുകളും മറ്റും വിലക്കിൽ ഉൾപ്പെടാത്തവയാണ്.തിങ്കളാഴ്ച ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി (ഡിപിസിസി) സംഘാംഗങ്ങൾ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ചതായി മന്ത്രി ഗോപാൽ റായ് പറഞ്ഞു.വായു മലിനീകരണം തടയുന്നതിന് ലോക് ഡൗൺ ഏർപ്പെടുത്താനുള്ള നിർദേശത്തിനെതിരെ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി രംഗത്തെത്തി.വായു മലിനീകരണത്തിൻ്റെ പ്രധാന ഘടകം വിള കത്തിക്കലാണെന്നാണു കേന്ദ്ര ഭൗമമന്ത്രാലയത്തിൻ്റെ കീഴിലുള്ള വായു നിലവാര നിരീക്ഷണ കേന്ദ്രം സഫർ വ്യക്തമാക്കുന്നത്.






