‘ഓഡി പിന്നാലെ’ : കൊച്ചി അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡ്രൈവർ

അപകടത്തിൻ്റെ ചില സിസിടിവി ദൃശ്യങ്ങളിൽ കാർ പിന്തുടരുന്നതായി കണ്ടെത്തിയിരുന്നു.പോലീസിൻ്റെ സംശയം പലവഴിക്ക്.

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി അപകടത്തിൽ പെട്ട കാറിൻ്റെ ഡ്രൈവർ അബ്ദുൽ റഹ്മാൻ.ഹോട്ടലിൽ നിന്നും ഇറങ്ങിയത് മുതൽ ഒരു ഓഡി കാർ പിന്തുടർന്നതാണ് അപകടം സംഭവിക്കാൻ കാരണമെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകി.മൊഴി സത്യമാണെന്നു തെളിയിക്കുന്ന തരത്തിൽ ഓഡി കാർ ഇവരുടെ പിറകെ പിന്തുടർന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
ഓരോ തെളിവുകൾ കിട്ടുന്തോറും പോലീസിന്റെ സംശയങ്ങൾ വർദ്ധിക്കുകയാണ്.അബ്ദുൽ റഹ്മാനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക് കേസ് എടുത്തിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.ഗുരുതരമായി പരിക്കേറ്റ് റഹ്മാന്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്മാന്‍ മൊഴിനല്‍കിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അപകടം നടന്ന ശേഷം ഒരാൾ കാറിൽ നിന്ന് ഇറങ്ങി വരുന്നതായും കാര്യങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായുമുള്ള വിവരങ്ങൾ പോലീസിന് കിട്ടി.കാറിൽ നിന്ന് ഇറങ്ങിയത് ഹോട്ടൽ ഉടമ റോയി ആണെന്നാണ് പോലീസ് സംശയിക്കുന്നത്.റോയിയോടൊപ്പം അയാളുടെ ഡ്രൈവറും മറ്റൊരാളും ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.ഡി ജെ പാർട്ടി നടക്കുമ്പോൾ ഇവര് തമ്മിൽ എന്തെങ്കിലും വാക്കേറ്റം നടന്നിട്ടുണ്ടോ എന്നും അതിനെ തുടർന്നാണോ പിന്തുടർന്നതെന്നുമുള്ള സംശയവും പോലീസ് മുന്നോട്ടു വെക്കുന്നു.ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. നിശാ പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ റോയ് ഉള്‍പ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടന്ന രാത്രിയിലെ ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങള്‍ കാണാതായതിലും പൊലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.