ജി സുധാകരനെ പരസ്യമായി ശാസിക്കും; യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജി സുധാകരന്‍ മാധ്യമപ്രവര്‍ത്തകരുടെ മൈക്ക് തട്ടിമാറ്റി

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളില്‍ പ്രമുഖനായ മുന്‍ മന്ത്രി ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ജി സുധാകരന്‍ പ്രതികരിച്ചില്ല. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ജി സുധാകനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അതേസമയം തിരുവനന്തപുരം എകെജി സെന്ററില്‍ ഇന്ന് നടന്ന യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജി സുധാകരന്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരുടെ പക്കലുള്ള മൈക്ക് തട്ടിമാറ്റി.

രാവിലെയും മാധ്യമ പ്രവര്‍ത്തകര്‍ ജി സുധാകരനോട് പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാന്‍  തയ്യാറായിരുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി സുധാകരന്‍ വിട്ടുനിന്നെന്ന കുറ്റമാണ് നടപടിക്ക് കാരണം. സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ജി.സുധാകരന്‍ തയ്യാറെടുത്തു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല. ഇതായിരുന്നു പ്രധാന വിമര്‍ശനം. മണ്ഡലം കമ്മിറ്റിയെ സാമ്പത്തികമായി സഹായം നല്‍കിയില്ല. സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെ ഉയര്‍ന്ന പോസ്റ്റര്‍ പ്രചാരണത്തില്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയില്ല. എന്നിവയായിരുന്നു പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയത്.