കോവിഡ് ചികിത്സാ ഗുളികയ്ക്ക് അംഗീകാരം നല്‍കി ബ്രിട്ടന്‍

ഇംഗ്‌ളണ്ട്: കോവിഡ് 19 വൈറസ് ചികിത്സക്കുള്ള ഗുളികയ്ക്ക് ബ്രിട്ടന്‍ ആദ്യമായി അംഗീകാരം നല്‍കി. ”മോല്‍നുപിറാവിര്‍” (molnupiravir) എന്ന ആന്‍ഡി വൈറല്‍ ഗുളികയ്ക്കാണ് ഇന്നലെ ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി എന്ന എം.എച്ച്.ആര്‍.എ അംഗീകാരം നല്‍കിയിരിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് ആണ് ഗുളിക വികസിപ്പിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗുളിക കൂടുതല്‍ ഫലപ്രദമാകുന്നത് അസുഖം ബാധിച്ചയുടന്‍ കഴിക്കുന്നതാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ചതായി ബോധ്യയമായാല്‍ അഞ്ചു ദിവസത്തിനകം മരുന്ന് നല്‍കണമെന്നാണ് ബ്രിട്ടീഷ് ഏജന്‍സിയുടെ നിര്‍ദേശം. വളരെ കര്‍ശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടന്‍ മരുന്നിന് അംഗീകാരം നല്‍കിയതെന്നാണ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജന്‍സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ബ്രിട്ടന്‍ ഗുളിക നല്‍കുന്നത് അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പരിശോധനയില്‍ അമിത വണ്ണമോ പ്രമേഹമോയുള്ള 60 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടത്.

യു.എസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും ഗുളിക സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സമിതി ഈ അപേക്ഷയില്‍ ചര്‍ച്ച ചെയ്യാനിരിക്കയാണ്. അതേസമയം മരുന്ന് നേരത്തെ തന്നെ സമ്പന്ന രാജ്യങ്ങള്‍ ഗുളിക വാങ്ങുന്നതിനുള്ള ശ്രമത്തിലാണെന്ന്‌ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.