റഹീം മേച്ചേരി പുരസ്‌കാരം പി.എ. റഷീദിന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് സമ്മാനിക്കും

ജിദ്ദ: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നല്‍കി വരുന്ന ‘റഹീം മേച്ചേരി പുരസ്‌കാരം”  2021 നവംബര്‍ 4ന് വ്യാഴം വൈക്കീട്ട് 6.30 ന് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊ. ഖാദര്‍ മൊയ്തീന്‍ സാഹിബ് പി.എ. റഷീദിന് സമ്മാനിക്കും. പരിപാടിയില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷിര്‍ എം.പി, മസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ടി.വി. ഇബ്രാഹീം എം.എല്‍.എ, എം.സി. വടകര, അഡ്വ. ഫൈസല്‍ ബാബു, പി.എ. ജബ്ബാര്‍ ഹാജി തുടങ്ങിയ പ്രമുഖ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, പരിഭാഷകന്‍, കോളമിസ്റ്റ്, സാമൂഹ്യ നിരീക്ഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെ സേവനങ്ങള്‍ പരിഗണിച്ചാണ് പി.എ റഷീദിനെ ഈ വര്‍ഷത്തെ മേച്ചേരി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സര്‍വ്വകലാശാല പബ്ലിക് റിലേഷന്‍ ഓഫീസര്‍, സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഡയറക്ടര്‍ തുടങ്ങിയ മേഖലകളില്‍ സേവനം അനുഷ്ഠിച്ച അവാര്‍ഡ് ജേതാവ് കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എഡിറ്റര്‍, ന്യൂഡല്‍ഹി, എറണാകുളം, മലപ്പുറം, വയനാട്,  എന്നീ ജില്ലകളില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലും കോഴിക്കോട് മേഖലാ അഡീഷണല്‍ ഡറക്ടറായും സേവനം ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കേരള മീഡിയ അക്കാഡമിയുടെ അസിസ്റ്റന്‍ന്റ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

മമ്പാട് എം.ഇ.എസ് കോളേജില്‍ നിന്ന് ബിരുദവും, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ പി.എ. റഷീദ് ചന്ദ്രിക, മലയാള മനോരമ തുടങ്ങിയ പത്രങ്ങളില്‍ പത്രാധിപ സമിതി അംഗമായും ഗ്രേസ് ബുക്ക്‌സ് ജനറല്‍ എഡിറ്ററായും സേവനം ചെയ്തിട്ടുണ്ട്. ഗ്രേസ് ബുക്ക്‌സ് പുറത്തിറക്കിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരുമായി അറിയപ്പെട്ട 18 ചരിത്ര പുരുഷന്‍മാരുടെ ജീവചരിത്രം ഉള്‍ക്കൊള്ളുന 18 പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ട്.

ഇതിന് പുറമെ മലയാളത്തില്‍ പുറത്തിറങ്ങിയ ഒട്ടേറെ മുസ്‌ലിം ലീഗ് ചരിത്ര ഗ്രന്ധങ്ങളുടെയും സോവനീറുകളുടെയും എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ട്. നിലവില്‍ മലപുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, മുസ്‌ലിം ലീഗ് സംസ്ഥാന, ദേശീയ നിര്‍വാഹക സമിതി അംഗം സിജി എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ പദവികള്‍ വഹിക്കുന്നുണ്ട്.

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ചന്ദ്രിക പത്രാധിപരും ഗ്രമ്പകാരനും, മികച്ച രാഷ്ട്രീയ നിരീക്ഷകനും  പ്രഭാഷകനുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ഥം 2007 ലാണ് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി മേച്ചേരി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്ന മേച്ചേരി പുരസ്‌കാരം ഇ.ടി മുഹമ്മദ് ബശീര്‍, എം.സി വടകര, എ.എം കുഞ്ഞിബാവ, സി.പി സൈതലവി, എം.ഐ തങ്ങള്‍, റഹ്‌മാന്‍ തായലങ്ങാടി എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സമ്മാനിച്ചിരുന്നത്.
കൊണ്ടോട്ടിയില്‍ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന അവാര്‍ഡ് ദാന പരിപാടി വിജയിപ്പിക്കാന്‍ ജബ്ബാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കൊണ്ടോട്ടില്‍ ചേര്‍ന്ന കെ.എം.സി.സി നേതാക്കളുടെയും മുസ്‌ലിം ലീഗ് ഭാരവാഹികളുടെയും യോഗം അന്തിമരൂപം നല്‍കിയതായി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഭാരവാഹികള്‍ ജിദ്ദയില്‍ പറഞ്ഞു.