ഇന്ത്യൻ സാംസ്കാരിക പൈതൃകങ്ങളുടെ നേർകാഴ്ച്ചയൊരുക്കി ഫ്രറ്റേണിറ്റി ഫോറം ഫുഡ് ഫെസ്റ്റിവൽ

ജിദ്ദ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സാവിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണൽ കമ്മിറ്റി ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച “ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ” ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ രുചി വിഭവങ്ങളും ഇന്ത്യൻ സാംസ്കാരിക പൈതൃകങ്ങളുടെ നേർക്കാഴ്ചയുമൊരുക്കി ശ്രദ്ധേയമായി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്രദർശനം സംഘടിപ്പിച്ച കോൺസുലേറ്റ് ഓഫീസ് കവാടത്തിന്റെ ദൃശ്യം തന്നെ അതിഗംഭീരമായി. ഡൽഹിയിലെ ചെങ്കോട്ടയുടെ മാതൃകയിൽ രൂപകൽപ്പന ചെയ്ത പ്രവേശന കവാടം കരവിരുതിന്റെ കഴിവ് തെളിയിക്കുന്നതായിരുന്നു.
വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന തരത്തിൽ രൂപകല്പ്ന ചെയ്ത ഭക്ഷണ സ്റ്റാളുകളും രുചിക്കൂട്ടുകളുടെ മാറ്റ് വർദ്ധിപ്പിച്ചു.
വിവിധ സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും വൈവിധ്യമാർന്ന ആഘോഷങ്ങളുടെയും ആഹാരങ്ങളുടെയും കലവറയായ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസലോകത്ത് ജീവിതം കഴിച്ചുകൂട്ടുന്ന ആളുകൾക്ക് പലതരം വിഭവങ്ങളുടെ രുചിയറിയാനും അതിലൂടെ സൗഹൃദവും സന്തോഷവും പങ്കിടാനുമാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ നേർക്കാഴ്ചയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രുചി വൈഭങ്ങളുടെ പ്രദർശനവും ഡിസ്സേർട്ട് കോണ്ടെസ്റ്റ് എന്നപേരിൽ നടത്തിയ വനിതകൾക്കായുള്ള മത്സരവും ഫുഡ് ഫെസ്റ്റിവലിന്റെ ആകർഷകമായ ഇനങ്ങളായിരുന്നു.
ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങൾ നിറപ്പകിട്ടോടെയും സാംസ്കാരികത്തനിമയോടെയും പ്രദർശിപ്പിക്കാനും കൊതിയൂറുന്നതും പുതുമയാർന്നതുമായ വിഭവങ്ങൾ രുചിക്കാനുമുള്ള അവസരമൊരുക്കിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളെയും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. വർഷങ്ങളായി ഹജ്ജ് സേവന രംഗത്ത് കോൺസുലേറ്റുമായി സഹകരിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫോറം “ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ” എന്ന ഒരുമയുടെ ഉത്സവമായ ഈ പരിപാടിയിലൂടെ ആസാദി കാ അമൃത് മഹോത്സാൽവിന്റെ ഭാഗമായതിൽ വളരെയേറെ സന്തോഷിക്കുന്നതായും കോൺസുൽ ജനറൽ പറഞ്ഞു.
കോയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ് ഹക്കീം കണ്ണൂർ, മുഹമ്മദലി കൂന്തല, സാജിദ് ഫറോക്ക്, ഷാഹുൽ ഹമീദ് തൊഴൂപ്പാടം, ഹംസ കരുളായി, മുഹമ്മദ് ഹുസ്സൈൻ ബജ്‌പെ,കബീർ കൊണ്ടോട്ടി, ജംഷീദ്, സക്കരിയ്യ, അഹമ്മദ് അക്രം ലഖ്‌നൗ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






