ഐ സി എഫ് കാരുണ്യം; സിറാജ് പുതുപ്പാടി ജയില്‍ മോചിതനായി

ത്വായിഫ്: ഐ സി എഫിന്റെ കാരുണ്യത്തില്‍ യുവാവിന് സഊദി ജയിലില്‍ നിന്ന് മോചനം. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാടണയുന്നത്. അഞ്ചു വര്‍ഷം മുമ്പ് നടന്ന വാഹനാപകടമാണ് സിറാജിന്റെ ജീവിതം മാറ്റിമറിച്ചത്. സഊദിയിലെ ത്വാഇഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജ് താനോടിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് അറബ് വംശജര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സഊദി ജയിലിലായത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ജയില്‍ മോചിതനാകണമെങ്കില്‍ 75 ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കണമെന്ന് സഊദി കോടതി ഉത്തരവിട്ടു.

ക്യാന്‍സര്‍ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ കുഞ്ഞുമോളും ഉള്‍ക്കൊള്ളുന്ന കുടുംബത്തിന്റെ പുരയിടം വിറ്റാല്‍ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഐ സി എഫ് സഊദി കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടത്.

തുക കുറച്ച് ലഭിക്കാന്‍ കമ്മിറ്റി കോടതിയില്‍ അപ്പീല്‍ നല്‍കുകയും ബന്ധുക്കളെ സമീപിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് 33 ലക്ഷം രൂപയായി മരണപ്പെട്ടവരുടെ അവകാശികള്‍ ഇളവ് ചെയ്ത് കൊടുത്തു. എന്നാല്‍ ഈ തുകയും നല്‍കാന്‍ സിറാജിന്റെ ബന്ധുക്കള്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന്, ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി സിറാജിന്റെ മോചനത്തിന് വേണ്ടി പണം സ്വരൂപിക്കുകയായിരുന്നു.

പ്രത്യേക ആക്ഷന്‍ ടീം രൂപവത്കരിച്ച് രംഗത്തിറങ്ങുകയും കീഴ്ഘടകങ്ങള്‍ വഴി മുഴുവന്‍ സംഖ്യയും ശേഖരിച്ച് നല്‍കുകയുമായിരുന്നു. പണം നല്‍കിയതോടെ കഴിഞ്ഞ ദിവസം സിറാജിനെ മോചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം വീടണയും. ജയില്‍ മോചിതനായ സിറാജ് കേരള മുസ്‌ലിം ജമാഅത്തിനും ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റിക്കും നന്ദി പറഞ്ഞു.