ഇലക്‌ട്രോണിക് വിസ അനുവദിക്കുന്നതിനായി സ്മാര്‍ട്ട് ഫോണുകള്‍ വഴി ബയോമെട്രിക്‌സ് രജിസ്റ്റര്‍ ചെയ്യുന്ന ലോകത്തെ ആദ്യ രാജ്യമായി സൗദി അറേബ്യ

റിയാദ്: വിശുദ്ധ ഹജജിനും ഉംറക്കുമായി എത്തുന്ന തീര്‍ഥാടകരുടെ ബയോമെട്രിക് സ്വയം രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനം ഒരുക്കി സൗദി അറേബ്യ. ഇതോടെ ഇലക്‌ട്രോണിക് വിസ അനുവദിക്കുന്നതിനായി സ്മാര്‍ട്ട് ഫോണുകള്‍ വഴി ബയോമെട്രിക്‌സ് രജിസ്റ്റര്‍ ചെയ്യുന്ന ലോകത്തെ ആദ്യ രാജ്യമായി സൗദി അറേബ്യ.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കുവൈത്തിലാണ് ആദ്യഘട്ടത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ടുണീഷ്യ, മലേഷ്യ, യുണൈറ്റഡ് കിംഗ്ഡം, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ആദ്യ ഘട്ടത്തില്‍ അത് ലഭ്യമാകുമെന്ന് കോണ്‍സുലര്‍ കാര്യങ്ങളുടെ വിദേശകാര്യ അംബാസഡര്‍ തമീം അല്‍ ദോസരി പറഞ്ഞു.

ഉംറ വിസകള്‍ ഇലക്‌ട്രോണിക് ആയി ലഭിക്കുവാന്‍ അവരുടെ എംബസികളേയൊ പോലീസ് സ്‌റ്റേഷനുകളേയൊ ബയോമെട്രിക്‌സ് രജിസ്റ്റര്‍ ചെയ്യുന്നതിന് സമീപിക്കണം. സ്മാര്‍ട്ട് ഫോണുകളില്‍ നിശ്ചിത ആപ്പ് വഴി ബയോമെട്രിക്‌സ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഉംറ വിസയ്ക്ക് ഇലക്‌ട്രോണിക് ആയി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണമെന്ന് തമീം അല്‍ ദോസരി പറഞ്ഞു.

ബയോമെട്രിക്‌സില്‍ വിരലടയാളങ്ങളും കണ്ണുകളുടെയും മുഖത്തിന്റെയും ചിത്രങ്ങളും രേഖപ്പെടുത്തണം. ഈ ആപ്പ് വഴി ഉംറ വിസ കൂടാതെ മറ്റെല്ലാ വിസകള്‍ക്കും ബയോമെട്രിക്‌സ് രജിസ്റ്റര്‍ ചെയ്യാനാകും.

വിസ നല്‍കുന്ന കേന്ദ്രങ്ങളെ സമീപിക്കാതെ അതത് രാജ്യങ്ങളില്‍ നിന്ന് ഹജജ്, ഉംറ വിസകള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിന് ബയോമെട്രിക്‌സ് രജിസ്‌ട്രേഷന്‍ സഹായിക്കും.