മാപ്പിളപ്പാട്ടു ഗായകനും കവിയുമായ വിഎം കുട്ടി അന്തരിച്ചു

♠ അസ്മ ജംഷീദ്

മലപ്പുറം: പ്രമുഖ മാപ്പിളപ്പാട്ടു ഗായകന്‍ വിഎം കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
മാപ്പിളപ്പാട്ട് കലയെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയത് വിഎം കുട്ടിയായിരുന്നു. 1972ല്‍ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍കോട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ പൊതുവേദിയില്‍ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചു. സ്വന്തമായി കേരളത്തില്‍ മാപ്പിളപ്പാട്ടിന് ഗാനമേള ട്രൂപ്പുണ്ടാക്കി. മലപ്പുറം ജില്ലയിലെ പുളിക്കലില്‍ 1935 ഏപ്രില്‍ 16ന് ജനനം. 1985 വരെ അധ്യാപനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.

20ാം വയസില്‍ ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് കലാജീവിതത്തിന് തുടക്കം. 1965 മുതല്‍ ഗള്‍ഫ് നാടുകളിലും ഗാനമേളകള്‍ അവതരിപ്പിച്ചു. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ധവും സംഗീതവും നല്‍കി. ഗാനരചനയും നടത്തി. നിരവധി സിനിമകള്‍ക്കും ഗാനങ്ങള്‍ എഴുതി. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സംഗീത നാടക അക്കാദമി പുരസ്‌കാരം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സിഎച്ച് കള്‍ച്ചറല്‍ സെന്‍ട്രല്‍ അവാര്‍ഡ്, ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്റര്‍ ഒരുമ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക