കെ എം സി സി നേതാവും അല്‍കോബാറിലെ മുതിര്‍ന്ന പ്രവാസിയുമായ എന്‍ കെ മരക്കാര്‍ കുട്ടി ഹാജി അന്തരിച്ചു

നാട്ടില്‍നിന്നും സൗദിയിലേക്ക് മടങ്ങുന്ന വഴി കൊണ്ടോട്ടിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം
അല്‍കോബാര്‍: കെ എം സി സി നേതാവും അല്‍കോബാറിലെ മുതിര്‍ന്ന പ്രവാസിയുമായ എന്‍ കെ മരക്കാര്‍ കുട്ടി ഹാജി അന്തരിച്ചു. സൗദിയിലേക്ക് മടങ്ങുന്ന വഴി കൊണ്ടോട്ടിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ആറു മാസത്തിലധികമായി നാട്ടില്‍ അവധിയിലായിരുന്ന അദ്ദേഹം ഷാര്‍ജ വഴി സൗദിയിലേക്ക് യാത്ര തിരിക്കെ കോഴിക്കോട് വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് നടപടികള്‍ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കുറ്റിക്കാട്ടൂര്‍ കണിയത്ത് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. നാട്ടിലുള്ള കെ. എം. സി. സി നേതാക്കളായ സുലൈമാന്‍ കൂലെരി, പി പി മുഹമ്മദ് എളേറ്റില്‍, മുഹമ്മദ് കുട്ടി കോഡൂര്‍, സി പി ശരീഫ്, ഇഫ്തിയാസ് അഴിയൂര്‍, കലാം മീഞ്ചന്ത, മുനീര്‍ നന്ദി എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
നാല് പതിറ്റാണ്ട് കാലാമായി അല്‍കോബാര്‍ ടൗണിലെ അല്‍ഔഫീ ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ മത സാമൂഹിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന മരക്കാര്‍ കുട്ടി ഹാജി, അല്‍കോബാര്‍ കെ എം സി സിയുടെയും എസ് ഐ സി അല്‍കോബാറിന്റെയും സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. കോഴിക്കോട് ജില്ലയിലെ പെരുവയല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം കുറ്റിക്കാട്ടൂര്‍ ഓര്‍ഫനേജ് ട്രഷറര്‍ സ്ഥാനത്ത് ധീര്‍ഘകാലമായി സേവനം ചെയ്തു. ഹലീമയാണ് ഭാര്യ. മക്കള്‍: ആസിയ അല്‍കോബാര്‍, അഷ്‌റഫ് അല്‍കോബാര്‍, ബുഷറ, ആഷിക്, മരുമക്കള്‍: ഹംസ കൊടുവള്ളി, ഫൗനാസ്, അബ്ദുല്‍ ഗഫൂര്‍ ആവിലോറ, മുഹ്‌സിന.
അല്‍കോബാറിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും അകമഴിഞ്ഞ പിന്തുണ നല്‍കിയ അനുഭവ സമ്പത്തുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് അല്‍കോബാര്‍ കെഎംസിസി കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍ അനുസ്മരിച്ചു. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി നേതാക്കളും മരക്കാര്‍ കുട്ടി ഹാജിയുടെ വേര്‍പാടില്‍ അനുശോചനം അര്‍പ്പിച്ചു. ഹാജിയുടെ വേര്‍പാടില്‍ വിവിധ കെഎംസിസി ഘടകങ്ങളില്‍ പ്രാര്‍ഥനാ സംഗമങ്ങള്‍ നടത്താന്‍ പ്രവിശ്യാ കമ്മിറ്റി ആഹ്വാനം ചെയ്തു.






