സഊദി ദേശീയ ദിനം; ഭരണാധികാരികള്‍ക്കും സഊദി ജനതക്കും ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി എസ് ഐ സി ജിദ്ദ സാംസ്‌കാരിക സംഗമം

ജിദ്ദ: സഊദി ദേശീയ ദിനത്തോടാനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ് ഐ സി) ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സംഗമം നാടിന്റെ നന്മയും മേന്മയും കൃതഞതാപൂര്‍വം സ്മരിക്കുന്നതായിരുന്നു. അതോടൊപ്പം പരീക്ഷണ ഘട്ടങ്ങളില്‍ ലോകത്തിനു മാതൃകയായ ഭരണാധികാരികള്‍ക്കും സഊദി ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതു കൂടിയായി. സഊദിയിലെ പ്രമുഖ അഭിഭാഷകനും നിയമ വിദഗദ്ധനുമായ ഡോ: നാസിര്‍ അബ്ദുല്ലാ അലി കദസ സംഗമം ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഈ നാടിന്റെ ഭരണാധികാരികള്‍ സ്വീകരിച്ചു വരുന്ന ””തിരു ഗേഹങ്ങളുടെ സേവകര്‍”” എന്ന വിനയാന്വിത നാമം പോലും പുണ്യ ഗേഹങ്ങളുടെ പരിപാലനത്തിന് നല്‍കുന്ന പ്രാധാന്യത്തിന്റെ ഉദാഹരണമാണ്. പരിപാവനമായ ഈ നാട്ടിലെത്തുന്ന പരസഹസ്രം തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരുക്കുന്ന ആതിഥ്യ മര്യാദകളുടെയും ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിന്റെയും അടയാളങ്ങളുമാണ്. പരസ്പരം സന്ധിക്കുന്ന അറബിക്കടലും ചെങ്കടലും പോലെ തന്നെ ഇന്ത്യയും ഈ നാടും തമ്മിലുള്ള ഗാഢ ബന്ധവും പൗരാണിക കാലം മുതല്‍ തുടര്‍ന്ന് വരുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വാണിജ്യവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെന്നപോലെ തന്നെ വൈജ്ഞാനിക അന്വേഷണ യാത്രകളുടെയും കഥ പറയുന്നതാണ് ഇന്ത്യയുമായി വിശിഷ്യാ നിങ്ങളുടെ നാടായ കേരളവുമായി അറബ് നാടിനുള്ളത്. ഇന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും തൊഴില്‍ രംഗങ്ങളിലുമായി വലിയൊരു ജന വിഭാഗത്തെ ഈ നാട് ചേര്‍ത്തു പിടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌ഐസി ചെയര്‍മാന്‍ നജ്മുദ്ദീന്‍ ഹുദവി പ്രസംഗം വിവര്‍ത്തനം ചെയ്തു.

ദേശീയ ദിന സന്ദേശം നല്‍കി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംസാരിച്ചു. സഊദി അറേബ്യയുടെ ദേശീയ ദിനാഘോഷം ലോകത്തിന്റെ മുഴുവന്‍ ആഘോഷമാണ്. പ്രവാചകന്റെയും തിരു ഗേഹങ്ങളുടെയും നാടായ സഊദി ലോകത്തിനു തുല്യതയില്ലാത്ത ഒരു മഹാ സംസ്‌കൃതി പഠിപ്പിച്ചു കൊടുത്ത മണ്ണാണ്. ഈ അനുഗ്രഹീത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്റര്‍ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെ സേവന പാരമ്പര്യം മഹത്തരമാണെന്നും തങ്ങള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ എസ് ഐ സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഐദറൂസി മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ആധുനിക സഊദിയുടെ വളര്‍ച്ചയിലും പുരോഗതിയിലും ഈ രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ സന്തോഷിക്കുന്നവരാണ് പ്രവാസികള്‍. കഴിഞ്ഞ അര നൂറ്റാണ്ടിലധിക കാലത്തെ വളര്‍ച്ചയുടെ ഓരോ പടവുകളിലും ഈ നാടിന്റെ പങ്ക് വളരെ വലുതാണെന്നും തങ്ങള്‍ പറഞ്ഞു. വിദേശി സമൂഹത്തെ ഈ രാജ്യവും ഇതിന്റെ ഭരണാധികാരികളും ഇവിടത്തെ സ്വദേശികളായ പൗരന്മാരും അളവറ്റു സ്‌നേഹിക്കുകയും നമുക്ക് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കി തരികയും ചെയ്തപ്പോള്‍ നന്ദി സൂചകമായി ഒരു വാക്ക് പറയാന്‍ നമുക്കവസരം ലഭിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ രാജ്യത്തിന്റെ അഭിമാന നിമിഷങ്ങളില്‍ പങ്കു ചേരുക നമ്മുടെ ബാധ്യതയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സമസ്ത ഇസ്‌ലാമിക് സെന്റര്‍ ഈ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചതെന്നും തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സമൂഹവും അറബ് ലോകവുമായുള്ള ബന്ധം സഹസ്രാബ്ധങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന പ്രൗഢ ചരിത്ര പാരമ്പര്യം പേറുന്നതാണ്. സഊദി അറേബ്യ നമ്മുടെ രണ്ടാം നാട് എന്ന സങ്കല്പത്തിനപ്പുറം, ഇന്ത്യ സഊദി നയതന്ത്ര ബ്ധത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷങ്ങള്‍ക്കിടയില്‍ നടക്കുന്ന ഇത്തവണത്തെ സഊദി ദേശീയ ദിനത്തിന്റെ ””ഇത് നമ്മുടെ വീടാണ്”” എന്ന ശീര്ഷകത്തിലൂടെ നമുക്കിടയിലെ അഭേദ്യബ്ധത്തെ ഈ നാട് അംഗീകരിക്കുന്നു എന്നു കൂടി വ്യക്തമാക്കുന്നതാണെന്നും സഊദി ഇന്ത്യന്‍ സൗഹൃദം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പത്ര പ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പ പറഞ്ഞു.

എസ്‌ഐസി സഊദി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് സെക്രട്ടറി അബ്ദുറഹ്‌മാന്‍ അറക്കല്‍ ”മരുപ്പരപ്പിലെ ചരിത്ര ശേഷിപ്പുകള്‍” എന്ന വിഷയവും ജിദ്ദാ കമ്മിറ്റി ചെയര്‍മാന്‍ നജ്മുദ്ധീന്‍ ഹുദവി ”ആധുനിക സഊദി അറേബ്യ” എന്ന വിഷയവും അവതരിപ്പിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി പ്രാര്‍ത്ഥന നടത്തി. യാസീന്‍ അബ്ദുല്‍ ജലീല്‍ (എടപ്പറ്റ), സഫ്‌വാന്‍ അബുബക്കര്‍ (കാസര്‍ക്കോട്) എന്നീ വിദ്യാര്‍ഥികള്‍ സഊദി ദേശീയ ഗാനം ആലപിച്ചു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഗഫൂര്‍ പട്ടിക്കാട് ആശംസാ പ്രസംഗം നടത്തി. ഉസ്മാന്‍ എടത്തില്‍ അവതാരാകന്‍ ആയിരുന്നു.

സൈദു ഹാജി മദീന, അസീസ് പറപ്പൂര്‍, ബഷീര്‍ മാസ്റ്റര്‍, അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു. അഹ്‌മദ് കബീര്‍ കിഴിശേരി, സി എച് നാസര്‍ അരക്കുപറമ്പ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജനറല്‍ സിക്രട്ടറി നൗഷാദ് അന്‍വരി സ്വാഗതവും റഫീഖ് കൂളത്ത് നന്ദിയും പ്രകാശിപ്പിച്ചു.