സൗദിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തത് 15,693 അനധികൃത താമസക്കാരെ

റിയാദ്: ഒരാഴ്ചയ്ക്കുള്ളില്‍ അനധികൃത താമസക്കാരും തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയന്ത്രണങ്ങളും ലംഘിച്ചവരുമായ 15,693പേരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടുകളും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്‌നുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അറസ്റ്റിലായവരില്‍ 6,336 താമസ കുടിയേറ്റ നിയമ ലംഘകരും 7,452 അതിര്‍ത്തി സുരക്ഷാ ചട്ട ലംഘകരും 1,905 ലേറെ തൊഴില്‍ നിയമ ലംഘകരും ഉള്‍പ്പെടുന്നു.
രാജ്യത്തിന്റെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 311 പേരെ അറസ്റ്റ് ചെയ്തു. അവരില്‍ 54 ശതമാനം യമന്‍ പൗരന്മാരും 43 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതേസമയം രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത 15 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
നിലവില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 75,014 ല്‍ അധികം പുരുഷന്‍മാരും 9,995 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 85,009 -ലധികംപേര്‍ വരും. 67,641 നിയമലംഘകരുടെ കേസുകള്‍ അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ ഗതാഗതമോ പാര്‍പ്പിടമോ മറ്റു സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 1 മില്യണ്‍ വരെ പിഴയും ചുമത്തും. ഗതാഗത സൗകര്യമൊരുക്കിയ വാഹനം കണ്ടുകെട്ടും. അഭയത്തിനായി ഉപയോഗിക്കുന്ന താമസസ്ഥലവും കണ്ടുകട്ടും. കൂടാതെ പ്രാദേശിക മാധ്യമങ്ങളില്‍ അവരുടെ പേരുകള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.






