വിവാഹവാഗ്ദാനം നല്‍കി യുവാവിനെ കബളിപ്പിച്ച് യുവതി തട്ടിയത് 11 ലക്ഷം

പന്തളം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി യുവാവിനെ പറ്റിച്ചത് 11 ലക്ഷത്തിലേറെ രൂപ. തട്ടിയെടുത്ത യുവതിയെയും ഭർത്താവിനേയും പോലീസ് അറസ്റ്റ് ചെയിതു. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്.എൻ. പുരം ബാബുവിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽലാൽ (43) എന്നിവരാണ് പന്തളം പോലീസിൻ്റെ  പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

2020 ഏപ്രിലിലാണ് തട്ടിപ്പിൻ്റെ തുടക്കം. അവിവാഹിതയായ താൻ പുത്തൂർ പാങ്ങോട് സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണെന്നാണ് തട്ടിപ്പിനിരയായ യുവാവിനെ പാർവതി സ്വയം പരിചയപ്പെടുത്തിയത്. എസ്.എൻ. പുരത്തുള്ള സുനിൽലാലിൻ്റെ വീട്ടിൽ പേയിങ്‌ ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടർന്നതോടെ പാർവതി വിവാഹവാഗ്ദാനം നൽകി. തനിക്ക്‌ 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചെന്നും സ്വത്തിൻ്റെ പേരിൽ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റു ചെലവുകൾക്കും ചികിത്സാച്ചെലവിനെനോക്കെ പറഞ്ഞാണ് പണം കൂടുതലും വാങ്ങിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇവരുടെ യാത്ര ആവശ്യത്തിന് ഇന്നോവ കാർ വാടകയ്ക്കെടുത്തതിന് 8,000 രൂപയും യുവാവ് നൽകി. മൊത്തം 11,07,975 ലക്ഷം രൂപയാണു തട്ടിയെടുത്തത്. പത്തനംതിട്ട ശാഖയിലെ ബാങ്ക് അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്. ഇതിനിടെ യുവാവിനെയുംകൂട്ടി പാർവതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ യുവതി ഒഴിഞ്ഞുമാറിയതോടെ വീടന്വേഷിച്ച് എത്തിയപ്പോഴാണ് കബളിക്കപ്പെടുകയായിരുന്നുവെന്ന് യുവാവ് മനസ്സിലാക്കിയത്. തുടർന്ന് പന്തളം പോലീസിൽ പരാതി നല്കി. ദമ്പതിമാർക്ക് ഒരു മകളുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top