നവാ​ഗതരായി ഒന്നാം ക്ലാസുകാർക്കൊപ്പം രണ്ടാം ക്ലാസുകാരും

തിരുവനന്തപുരം: ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ 6,07,702 നവാഗതരണ്  വിദ്യാലയങ്ങളിൽ എത്തുന്നത്. ഒന്നാം ക്ലാസിനു പുറമെ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്കൂളിൽ എത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തെ ഒന്നാം ക്ലാസ് പഠനം കുട്ടികൾ വീട്ടിലിരുന്നാണ് പൂർത്തിയാക്കിയത്. ഇതുകൊണ്ടു തന്നെ ഈ വർഷത്തെ ഒന്നാം ക്ലാസുകാരെയും രണ്ടാം ക്ലാസുകാരെയും നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ ചേർന്നത് 3,02,288 കുട്ടികളാണ്. ഈവർഷം 3,05,414 പേരാണ് ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ഇനിയും കൂടും. ഈ വർഷം ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ ആകെ 34,10,167 വിദ്യാർഥികളാണ് സ്കൂളിൽ എത്തുക.

ഈ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 28,482 വിദ്യാർത്ഥികൾ ഒന്നാംക്ലാസിൽ അധികമായി പ്രവേശനം നേടി.