ബസിനടിയിൽ വീണ് യുവതി മരിച്ചു

ചങ്ങനാശ്ശേരി: പ്രതിശ്രുതവരനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. കെ.എസ്.ആര്‍.ടി.സി. ബസിനടിയിലേക്കു വീണായിരുന്നു അപകടം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും ഏകമകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തും മൂടിനു സമീപം ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം.

കറുകച്ചാല്‍ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്നു ഇരുവാഹനങ്ങളും. കെ.എസ്.ആര്‍.ടി.സി. ബസ് ഓവര്‍ടേക്കു ചെയ്യുന്നതിനിടെ ബൈക്കിൻ്റെ ഹാന്‍ഡിലില്‍ തട്ടികയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൻ്റെ  പിന്നിലിരുന്ന സുബി ബസിൻ്റെ പിന്‍വശത്തേക്ക് വീഴുകയായിരുന്നു. സുബിയുടെ തലയിലൂടെ ബസിൻ്റെ  പിന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ സുബി മരിച്ചുവെന്ന് പോലീസ് പറഞ്ഞു. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അപകടത്തെത്തുടര്‍ന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തിയെങ്കിലും തല പൂര്‍ണമായും തകര്‍ന്നിരുന്നു. മുക്കാല്‍ മണിക്കൂറോളം മൃതദേഹം റോഡില്‍കിടന്നു. നാട്ടുകാര്‍ചേര്‍ന്നാണ് മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയത്. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. തൃക്കൊടിത്താനം പോലീസ് സംഭവസ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പരിക്കില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top