മാതാപിതാക്കള്‍ക്ക് അംഗീകാരം; ഇസ്പാഫ് ”പരെന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡുകള്‍” വിതരണം ചെയ്തു

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം ജിദ്ദ (ഇസ്പാഫ്) മാതാപിതാക്കള്‍ക്കുള്ള ”പരെന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡുകള്‍” വിതരണം ചെയ്തു. ഇക്കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയില്‍ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ അവരുടെ കഠിന പ്രയത്‌നത്തിനും വര്‍ഷങ്ങളായി മക്കള്‍ക്ക് നല്‍കിവരുന്ന അകമഴിഞ്ഞ പിന്തുണക്കുമുള്ള അര്‍ഹതയുടെ അംഗീകാരമായിട്ടാണ് കാലങ്ങളായി ഏര്‍പ്പെടുത്തി വിതരണം ചെയ്തുവരുന്ന ഇസ്പാഫ് ”പരെന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡുകള്‍” നല്‍കി ആദരിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നുളള വിവിധ സ്ട്രീമുളിലുള്ള ആദ്യ മൂന്ന് സ്ഥാനക്കാരെയും (16 പേര്‍), സയന്‍സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ മുഹമ്മദ് അമീന്‍ സൈഫുറ്മാന്‍ ഒന്നാം സ്ഥാനത്തിനര്‍ഹമായി. മൂന്ന് പേര്‍ രാണ്ടാം സ്ഥാനവും, രണ്ട് പേര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. കോമേഴ്‌സ് വിഭാത്തില്‍ ഫര്‍ഹീന്‍ ഷെയ്ഖ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ട് മൂന്ന് സ്ഥാനക്കാരായി ഓരോരുത്തരും,

ഹ്യൂമാനിറ്റീസ് (വനിതാ വിഭാഗം) നമിത മേരി റോബി മുന്നിലെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തിന് ഒരാളും മൂന്നാം സ്ഥാനത്തിന് രണ്ട് പേരും, ഹ്യൂമാനിറ്റീസ് (ആണ്‍ കുട്ടികള്‍) സെയ്ദ് ആക്വിബ് ഹുസൈനി ഒന്നാം സ്ഥാനത്തും രണ്ട് മൂന്ന് സ്ഥാനക്കാരായി ഓരോരുത്തരും അര്‍ഹരായപ്പോള്‍ പത്താം ക്ലാസ് പൊതു പരീക്ഷയില്‍ 95% അതിനു മുകളിലുമായി മാര്‍ക്ക് നേടിയ 18 പേരുടെ മാതാപിതാക്കള്‍ അവാര്‍ഡിന് അര്‍ഹരായി.

ഹബീബ് ആലം റസയാണ് പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി (98.8). കലാ-കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം മുതല്‍ പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ തലത്തില്‍ കഴിവ് തെളിയിച്ചു അംഗീകാരം നേടിയ 85ഉം അതിനു മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളുടെ (13 പേര്‍) രക്ഷിതാക്കളെ ”ഓവര്‍ ആള്‍ പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍” നല്‍കി ആദരിച്ചു. കൂടാതെ, ഇസ്പാഫ് മെമ്പര്‍മാരിലെ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളെയും ”ഔട്‌സ്റ്റാന്‍ഡിങ് അവാര്‍ഡുകള്‍” നല്‍കി ആദരിക്കുകയുണ്ടായി.

മക്കളുടെ വിജയത്തിന് പിന്നിലും സ്വഭാവ രൂപീകരണത്തിലും കൂടാതെ സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന ഒന്നാംതരം പൗരന്മാരായി വളര്‍ത്തികൊണ്ട് ഉന്നത ശ്രേണികളിലെത്തിക്കാന്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ഇസ്പാഫ് ”പരെന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡുദാന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യ അതിഥി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: മുസഫര്‍ ഹസ്സന്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സംബന്ധിച്ച സദസ്സുമായി സംവദിച്ചുകൊണ്ട് പറഞ്ഞു. മാതാപിതാക്കളെ അനുസരിക്കുന്ന ഉപകാരപ്പെടുന്ന നല്ല മക്കളായി വളരുവാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാനേജിങ് കമ്മറ്റി അംഗങ്ങളായ ജാസിം, ജയശങ്കര്‍ എന്നിവരും, ഇസ്പാഫ് ഉപദേശക സമതി അംഗങ്ങളായ സലാഹ് കാരാടന്‍, എഞ്ചി. മുഹമ്മദ് ബൈജു, നാസര്‍ ചാവക്കാട്, മായിന്‍ കുട്ടി പി. എം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ”പരെന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡുകള്‍” വിതരണം ചെയ്തു.
പ്രോഗ്രാം കണ്‍വീനര്‍മാരായ എഞ്ചി. അബ്ദുല്‍ മജീദ്, സാബിര്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ പുതിയ കമ്മറ്റിയുടെ പ്രഥമ പരിപാടിയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായി. നഷ്‌വ ഉമറും ജുനൈദ അബ്ദുല്‍ മജീദും അവതാരകരായിരുന്നു. ആമിന മുസ്തഫ ആലുങ്ങല്‍ ഖുര്‍ആന്‍ പാരായണം നടത്തി. ഇസ്പാഫ് ജനറല്‍ സെക്രട്ടറി എഞ്ചി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ: മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് നന്ദി പ്രകാശിപ്പിച്ചു.