എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭൻ്റെ ഏറ്റവും പ്രധാന സംഭാവന. 1957 ല്‍ തിരുവനന്തപുരത്താണ് ഇദ്ദേഹം ജനിച്ചത്. കേരള സര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎസ്സി (1977), എംഎസ്സി (1979) ബിരുദങ്ങള്‍ സ്വര്‍ണമെഡലോടെ നേടി. ആദ്യത്തെ ഗവേഷണ പേപ്പര്‍ ഇരുപതാം വയസ്സില്‍ ബിഎസ്സിക്ക് പഠിക്കുമ്പോള്‍ത്തന്നെ പ്രസിദ്ധീകരിച്ചു.
മുംബൈയിലെ ടിഐഎഫ്ആറില്‍ നിന്ന് 1983 ല്‍ പിഎച്ഡി നേടി. 1992 മുതല്‍ പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്സിലാണ്. സ്വിറ്റ്‌സര്‍ലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.







