പനമരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ എലിവിഷം കഴിച്ച് ആശുപത്രിയിലായ അയല്‍വാസി അറസ്റ്റില്‍

വയനാട്: പനമരം നെല്ലിയമ്പത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുതുകയും ചെയിതു.

ജൂണ്‍ പത്തിനാണ് കൊലപാതകം നടന്നത്. റിട്ട. കായികാധ്യാപകന്‍ നെല്ലിയമ്പം കാവടം പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വയറിന് വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. കഴുത്തിന് വെട്ടേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. പ്രദേശവാസിയുടെ മൊബൈൽ മോഷ്ടിച്ചതിനും അർജുനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. കൊവിഡിൽ ജോലി പോയതോടെ നാട്ടിൽ കൂലിവേലകൾ ചെയ്യുകയായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഈ മാസം പത്തിന് രാവിലെയാണ് മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് അർജുനെ പൊലീസ് വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ അർജുൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും അടി വസ്ത്രത്തിൽ ഒളിപ്പിച്ച എലി വിഷം  ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്.

അർജുനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവൻ്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയാണ് അർജുൻ.