ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നു;പരാതിയുമായി യുവതി രംഗത്ത്

കട്ടപ്പന: ഭർത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി യുവതി രംഗത്ത്. വെള്ളയാംകുടി സ്വദേശി സുധീഷിൻ്റെ ഭാര്യ വിദ്യയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ വിദ്യയുടെ ബന്ധുക്കൾ വീട് ആക്രമിച്ചെന്ന പരാതിയിമായി ഭർത്താവ് സുധീഷും പോലീസിനെ സമീപിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ ഓഗസ്റ്റിലാണ് സുധീഷും കാഞ്ചിയാർ സ്വദേശി വിദ്യയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ വഴക്കു തുടങ്ങിയിരുന്നു. വിദ്യയുടെ അപസ്മാര രോഗം സംബന്ധിച്ച വിവരം മറച്ചു വച്ചു എന്നാരോപിച്ചായിരുന്നു വഴക്ക്. എന്നാൽ രോഗവിവരം സുധീഷിൻ്റെ വീട്ടുകാരെ വിവാഹത്തിനു മുമ്പേ അറിയിച്ചിരുന്നെന്നാണ് വിദ്യയുടെ ബന്ധുക്കൾ പറയുന്നത്.
മിക്ക ദിവസങ്ങളിലും മാനസികവും ശാരീരികമായുമുള്ള പീഡനം തുടർന്നതോടെ വിദ്യയുടെ വീട്ടുകാർ ആറു മാസം മുമ്പ് കാര്യം അന്വേഷിക്കാനെത്തിയിരുന്നു. പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇരുകൂട്ടരെയും വിളിച്ച് ഒത്തു തീർപ്പാക്കി വിട്ടയക്കുകയായിരുന്നു.
ചൊവ്വാഴ്ച ഗർഭിണികൾക്കുള്ള കുത്തിവയ്പ് എടുക്കാൻ വിദ്യയെ കൊണ്ടുവന്ന അമ്മയെയും ബന്ധുവിനെയും സുധീഷിൻ്റെ വീട്ടുകാർ മർദ്ദിച്ചതായും പരാതിയുണ്ട്. എന്നാൽ സഹോദരിമാർക്ക് കുട്ടികളില്ലാത്തതിനാൽ വിദ്യ തൻ്റെ ഗർഭം അലസിപ്പിക്കണം എന്ന് നിലപാടെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സുധീഷും മാതാപിതാക്കളും പറയുന്നത്.
ബുധനാഴ്ച രാത്രിയിൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വിദ്യയുടെ ബന്ധുക്കൾ എത്തി തങ്ങളുടെ വീടിൻ്റെ ജനൽ ഗ്ലാസ് തകർത്തെന്നും സ്ഫോടക വസ്തുക്കൾ തിണ്ണയിൽ വച്ച് കത്തിച്ചെന്നും കാണിച്ച് സുധീഷും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






