പെട്രോൾ ഉടൻ ജിഎസ്ടിയിൽ ഇല്ല; ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

ദില്ലി: പെട്രോൾ ഉടൻ ജിഎസ്ടിയിൽ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സമീപ ഭാവിയിൽ പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരാനിരിക്കെയാണ് കേന്ദ്രം നയം വ്യക്തമാക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയില്‍  ഉൾപ്പെടുത്താണോ വേണ്ടയോ എന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.

എത്രകാലം ഇത് ഉൾപ്പെടുത്തുന്നത് നീട്ടിക്കൊണ്ട് പോകാനാകുമെന്നാണ് കേന്ദ്രത്തിൻ്റെ ചോദ്യം. പെട്രോളും ഡ‍ീസലും എപ്പോൾ ജിഎസ്ടി പരിധിക്ക് കീഴിലാക്കാൻ പറ്റുമെന്ന കാര്യത്തിൽ ഒരു സമയപരിധിയെങ്കിലും തീരുമാനിക്കാനാകും കേന്ദ്ര ശ്രമം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർക്കുകയാണ്. കേരളം എതിർപ്പ് ഉന്നയിച്ച  വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലുണ്ട്.

യോഗം ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തിലാണെന്നും വലിയ പ്രഖ്യാപനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കൊവിഡ് ചികിത്സക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും സംസ്ഥാനങ്ങള്‍ക്കുള്ള  ജിഎസ്ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരുന്നതും യോഗത്തില്‍ ചർച്ചയാകും.