ഉള്ളി വില വീണ്ടും കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍; ആശങ്കയില്‍ ചെറുകിട വ്യാപാരികള്‍

ദില്ലി: രാജ്യത്ത് ഉള്ളി വില വീണ്ടും കൂടുമെന്ന് റിപ്പോർട്ടുകൾ. കിലോയ്ക്ക് 30 രൂപ വരെ വർധിച്ചേക്കാമെന്നാണ് വിപണി വിദഗധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷവും രാജ്യത്ത് ഉള്ളി വില കുത്തനെ കൂടിയിരുന്നു.

ദില്ലിയിലെ ചില വിപണയിൽ നിലവിൽ 40 രൂപയാണ് ഉള്ളിക്ക് വില. കനത്ത മഴയും എണ്ണവില കൂടുന്നതും വരും മാസങ്ങളില്‍ വില കൂടാനുള്ള കരണമായേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ദില്ലിയിൽ പലയിടങ്ങളിലും കിലോയ്ക്ക് 150 രൂപ വരെ എത്തി. സമാന സാഹചര്യം ഈ വർഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിപണിയിലെ വില നിലവാരത്തെ കുറിച്ച് പഠിക്കുന്ന ഏജന്‍സിയായ ക്രിസിലും വ്യക്തമാക്കുന്നു. വിപണിയിലും ഇതിന്‍റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. ഉള്ളി വില കൂടിയേക്കുമെന്ന സൂചനകള്‍ ചെറുകിട വ്യാപാരികളെയും ഹോട്ടൽ ഉടമകളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.