പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നു

♠ ഹരിത പി.വി

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പ്രസ്താവനക്കെതിരെ സമസ്ത രംഗത്തു വന്നു. ഇതിനെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. വിട്ടുവീഴ്ചയുടെയും മനുഷ്യസ്‌നേഹത്തിന്റെയും പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നുനല്‍കാന്‍ ബാധ്യതപ്പെട്ട മതനേതൃത്വങ്ങള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ടെന്ന് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന് തുടക്കമിട്ട പാലാ ബിഷപിന്റെ പ്രസ്താവനയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിമര്‍ശിച്ചിരുന്നു. മതാധ്യക്ഷന്മാര്‍ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പ്രസ്ഥാനവനയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മലപ്പുറം തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തില്‍ പറഞ്ഞത്.

ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തണം. ഇതിനായുള്ള ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കള്‍ നടത്തേണ്ടതെന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഭിന്നിപ്പുകളുടെയും അകറ്റിനിര്‍ത്തലുകളുടെയും ഭാഷ പാടില്ല. ഇത് ജനങ്ങളില്‍ ആഴമേറിയ മുറിവുണ്ടാക്കും. തലമുറകള്‍ അതിന്റെ ദോഷം പേറേണ്ടിവരും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കരുത്. വിട്ടുവീഴ്ച, മനുഷ്യസ്‌നേഹം തുടങ്ങിയ പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നുനല്‍കണം. മതനേതൃത്വങ്ങള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കണം. മുസ്‌ലിം ജമാഅത്ത് യോഗം അഭിപ്രായപ്പെട്ടു. ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദവും സമൂഹത്തില്‍ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയുമെന്നും മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.