പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദികാണാമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക് 

ദില്ലി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാംങ്മൂലം നൽകിയത്. ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും കാരണം പല കുട്ടികളും പരീക്ഷയിൽ നിന്ന് പുറത്താകുമെന്നാണ് വാദം.

മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ല. വീടുകളിൽ ഇരുന്ന് കുട്ടികൾ എഴുതിയ മോഡൽ പരീക്ഷ മാനനണ്ഡമാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ലസ് വൺ പരീക്ഷ അത് കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സർക്കാറിൻ്റെ ആവശ്യം.

പ്ലസ് വൺ പരീക്ഷക്ക് എതിരെയുള്ള ഹർജികൾ തള്ളണം, ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിൻ്റെ ഉറപ്പ്. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കേസ് 13 ന് സുപ്രീം കോടതി പരിഗണിക്കും.