ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തു

ആലപ്പുഴ: വള്ളികുന്നം ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതി തൂങ്ങിമരിച്ചു. തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിൻ്റെ ഭാര്യ സവിത(24)യെയാണ് അര്‍ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിതയെ പിന്നീട് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് ഭര്‍ത്താവ് സതീഷിൻ്റെ അമ്മയും സഹോദരിപുത്രിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവ് വിദേശത്താണ്. സവിത പാവുമ്പ സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. രാത്രി ഇയാളെ ഫോണില്‍ വിളിച്ച് സവിത ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന്  അര്‍ധരാത്രിയോടെ യുവാവ് വീട്ടിലെത്തി. വീടിന് പുറത്ത് നടന്ന സംഭാഷണത്തിനിടെ സവിത പെട്ടെന്ന് മുറിയില്‍ കയറി വാതിലാടക്കുകയായിരുന്നു. പിരഭ്രാന്തനായ യുവാവ് ബഹളം വച്ച് ആളെക്കൂട്ടി. ആളുകളെത്തി മുറി തുറന്ന് നോക്കുമ്പോള്‍ സവിത തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇതിനിടെ അയാൾ സ്ഥലംവിടുകയും ചെയ്തു

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സവിതയുടെ കുടുംബം ആരോപിക്കുന്നത്. സ്ത്രീധനമായി നല്‍കിയ 26 പവന്‍ സ്വര്‍ണം കാണാനില്ലെന്നും പരാതിയുണ്ട്. അതേസമയം പുരുഷ സുഹൃത്തുമായി വാക്കുതര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് സവിത ജീവനൊടുക്കിയതെന്ന് ഭര്‍തൃവീട്ടുകാര്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍  പോലീസ് പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.