നിപ കോഴിക്കോട് ജാഗ്രത തുടരുന്നു; രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതം

കോഴിക്കോട്: ചാത്തമംഗലത്ത് റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊർജ്ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനൈ എൻ ഐ വി യിൽ നിന്നുളള വിദഗ്ധ സംഘവും പരിശോധനകൾക്കുണ്ട്. രോഗം ബാധിച്ച് മരിച്ച 12കാരൻ്റെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 274 പേരുണ്ട്. ഇതിൽ ഏഴ് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതുവരെ പരിശോധിച്ച 68 പേർക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.

 പരിശോധന ഫലം മൂന്നുദിവസവും നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. ചാത്തമംഗലത്ത് വീടുകൾ കേന്ദ്രീകരിച്ചുളള സർവ്വേയിൽ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നതാണ്. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കൊവിഡ്, നിപ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം നിപയുടെ  ഉറവിടം കണ്ടെത്താനുളള പരിശോധനകള്‍ തുടരുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.