കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറുടെ കാലിന് ഗുരുതര പരിക്ക്

തലശ്ശേരി: മാഹി – തലശ്ശേരി ദേശീയ പാതയില്‍ മാക്കൂട്ടത്ത് വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവറുടെ കാലിന് ഗുരുതര പരിക്ക്.

വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ നിന്ന് ഫുട്ട് പാത്തിലേക്ക് തെന്നിമാറി. കാലിന് ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ വടക്കുമ്പാട് കൂളി ബസാര്‍ സ്വദേശി മുഹമ്മദ് ഷാഫിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് അല്‍പ്പനേരം ഈ ഭാഗത്ത് ഗതാഗത തടസ്സവുമുണ്ടായി.