ഉത്തമ കുടുംബ നിര്‍മ്മിതിയിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്താം: വി.ഡി സതീശന്‍

”ഉത്തമ കുടുംബം സുരക്ഷിത സമൂഹം” സൗദി ഇന്ത്യന്‍ ഇഞ്ഞാഹീ സെന്റര്‍ ത്രൈമാസ കാമ്പയ്‌നിന് തുടക്കം
ജിദ്ദ: ശാന്തിയും സമാധാനവുമുള്ള കുടുംബാന്തരീക്ഷമാണ് സുരക്ഷിതമായ സമൂഹ നിര്‍മ്മിതിക്കുള്ള പോംവഴിയെന്നും, കുടുംബ ഭദ്രത തകര്‍ക്കുന്ന സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒരുമിച്ചു കൈകോര്‍ക്കേണ്ട സമയമാണിതെന്നും പ്രതിപക്ഷനേതാവ് ശ്രീ. വി ഡി സതീശന്‍. ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഇന്ന് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ”ഉത്തമ കുടുംബം സുരക്ഷിത സമൂഹം” എന്ന പ്രമേയത്തില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റെര്‍ ദേശീയ സമിതി ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമിലൂടെ നടത്തിയ ത്രൈമാസ കാമ്പയ്ന്‍ ദേശീയ തല ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക രംഗത്ത് അത്ഭുതകരമായ വളര്‍ച്ച കൈവരിച്ച മനുഷ്യന് സ്വഭവങ്ങളില്‍ സ്‌നേഹവും സമാധാനവും ആത്മനിര്‍വൃതിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, കുടുംബ സങ്കീര്‍ണതകളില്‍ നിന്നുള്ള ഒളിച്ചോട്ടവും ഒറ്റപ്പെടലും മനുഷ്യനെ ആത്മഹത്യകളിലേക്കും ലഹരി ഉപയോഗത്തിലേക്കുമാണെത്തിക്കുന്നതെന്നും കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു.
കുടുംബ സുരക്ഷിതത്വത്തിനും സാമൂഹ്യ ഭദ്രതക്കും ദൈവിക അതിര്‍വരമ്പുകളില്‍ സൂക്ഷ്മത പുലര്‍ത്തി സമ്പൂര്‍ണ്ണ മതാധിഷ്ഠിത-ധര്‍മ്മ വിധേയമായി സ്വന്തത്തെ പാകപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ കെ ജെ യു സംസ്ഥാന ട്രഷറര്‍ സി.എം. മൗലവി ആലുവ പ്രമേയ വിശദീകരണം നടത്തി.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി, ജി സി സി ഇസ്‌ലാഹി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എന്‍. സുലൈമാന്‍ മദനി, എം.ജി.എം. സൗദി സെക്രട്ടറി ഹുസ്‌ന ഷിറിന്‍, ഫോക്കസ് സൗദി സി ഇ ഒ ഷബീര്‍ വെള്ളേടത്ത്, ടാലന്റ് ടീന്‍സ് സൗദി പ്രതിനിധി ഹാനി ഹബീബ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
യോഗത്തില്‍ സയാന്‍ അന്‍സാരി ഖുര്‍ആന്‍ പാരായണം നടത്തി. ഫാറൂഖ് സ്വലാഹി അധ്യക്ഷത വഹിച്ചു. ഹസ്‌കര്‍ ബുറൈദ സ്വാഗതവും ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.






