മലപ്പുറത്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പുറം: മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെ കെ അനീഷിൻ്റെ മരണത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്‌കൂൾ മാനേജരുടെ നേതൃത്വത്തിൽ കള്ളക്കേസുണ്ടാക്കിയും വ്യാജരേഖ നിർമിച്ചും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌ത മനോവിഷമത്തിൽ 2014 സെപ്തംബർ രണ്ടിനാണ് അനീഷിനെ മലമ്പുഴയിലെ ലോഡ്ജിൽ തുങ്ങി മരിക്കുകയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേസില്‍ എട്ട് പേരാണ് പ്രതികൾ. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, വ്യാജരേഖ നിർമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മൂന്നിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. സ്‌കൂൾ മാനേജരായിരുന്ന സൈതലവിയാണ് ഒന്നാം പ്രതി. ജീവനക്കാരൻ കെ മുഹമ്മദ് അശ്‌റഫ്, ക്ലർക്ക് എം വി അബ്ദുൾ റസാഖ്, പ്യൂൺ ഒ എ അബ്ദുൽ ഹമീദ്, മുൻ ഡി ഡി ഇ. കെ സി ഗോപി, മുൻ പ്രധാനധ്യാപിക സുധ പി നായർ, മുൻ പി ടി എ പ്രസിഡന്റ് ഹൈദർ കെ മൂന്നിയൂർ എന്നിവരാണ് മറ്റ് പ്രതികൾ. എട്ടാം പ്രതി ഡോ. ഹസ്സൻ കോയ മരണപ്പെട്ടിരുന്നു.






