ചലന ശേഷി ഇല്ലാത്ത അന്‍ഷിദിന് കെ.എം.സി.സിയുടെ കാരുണ്യ ഭവനമൊരുങ്ങി

മക്ക. ചലനശേഷി ഇല്ലാത്ത പൂക്കോട്ടൂര്‍ അറവങ്കരയിലെ പൊറ്റമ്മല്‍ ബഷീറിന്റെ മകന്‍ അന്‍ഷിദിന് മക്ക കെ.എം.സി.സി ഒരുക്കിയ കാരുണ്യ ഭവനം. മക്ക കെ.എം.സി.സിയുടെ പതിനഞ്ചാമത്തെ കാരുണ്യ ഭവനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറും. 24 വയസ്സുള്ള അന്‍ഷിദ് പിറന്ന് വീണത് മുതല്‍ ഒരേ കിടപ്പിലാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ചലന ശേഷി ഇല്ല, സംസാരശേഷിയും ബുദ്ധി വളര്‍ച്ചയും ഇല്ല. പ്രായം യൗവനത്തിന്റെ ചുറുചുറുക്കിലെത്തിയിട്ടും പിഞ്ചു പൈതലിന്റെ അനക്കങ്ങള്‍ മാത്രമേ അന്‍ഷിദിന് ഇപ്പോഴുമുള്ളൂ. പിതാവ് പൊറ്റമ്മല്‍ ബഷീര്‍ അന്‍ഷിദിന്റെ ചികിത്സക്ക് മുട്ടാത്ത വാതിലുകളില്ല. ഇതിനിടയില്‍ സ്വന്തമായി വീടെന്ന സ്വപ്നം മരീചികയായി തന്നെ തുടര്‍ന്നു. പതിറ്റാണ്ടുകളായി വാടക വീട്ടിലാണ് പൊറ്റമ്മല്‍ ബഷീര്‍ അന്‍ഷിദിനെയും, പ്രായമായ മാതാവിനെയും സംരക്ഷിച്ച് പോന്നിരുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ ബഷീര്‍ ഭാരിച്ച ചികിത്സ ചിലവുകള്‍ക്കിടയില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയില്ലെന്ന നിരാശയിലായിരുന്നു.

സൗദിയിലെ സാമൂഹ്യപ്രവര്‍ത്തകനും മക്ക കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുജീബ് പൂക്കാട്ടൂരിന്റെ നേതൃത്വത്തിലാണ് അന്‍ഷിദിന്റെ കുടുംബത്തിന് ബൈത്തുറഹ്‌മ നിര്‍മിച്ചത്. സുമനസ്സുകളുടെ സഹായത്താല്‍ സ്വരൂപിച്ച പത്ത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ചതാണ് ഈ ഭവനം. സെപ്തംബര്‍ 1 ന് വൈകീട്ട് 4.30 ന് നടക്കുന്ന താക്കോല്‍ദാന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി, പി.ഉബൈദുല്ല എം.എല്‍.എ, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.പി മുഹമ്മദ് കുട്ടി തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മതരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക.