മക്കയില്‍ ദുരിതത്തിലായ ജയ്പൂര്‍ സ്വദേശികള്‍ക്ക് ആശ്വാസമായി മക്കാ നവോദയ

മക്ക: ഭക്ഷണവും പണവുമില്ലാതെ ദുരിതത്തിലായ രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശികള്‍ക്ക് മക്കയില്‍ സാന്ത്വനവും സഹായവുമായി നവോദയാ മക്കാ ഏരിയാ കമ്മറ്റി.

ജുമാ അല്‍ഹര്‍ബി മാന്‍പവര്‍ സപ്‌ളൈ കമ്പനിക്കുകീഴില്‍ വിവിധ കെട്ടിട നിര്‍മ്മാണ കമ്പനികളില്‍ ടെക്‌നീഷ്യന്‍മാരായി ജോലി ചെയ്യുന്ന പതിനഞ്ചോളം ജയ്പൂര്‍ സ്വദേശികളാണ് മാസങ്ങളായി മക്ക ഗസ്സയില്‍ ദുരിതത്തില്‍ കഴിയുന്നത്.
സ്‌പോണ്‍സറായ കമ്പനി ഉടമകള്‍ ഇവരെ തിരിഞ്ഞു നോക്കാതായിട്ട് മാസങ്ങളായി. ശമ്പള കുടിശ്ശിക നല്‍കാത്തതിനാല്‍ കൈയില്‍ പണമില്ല, അതിനാല്‍ തന്നെ കെട്ടിട വാടക നല്‍കാനോ ഭക്ഷണത്തിനോ വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ യുവാക്കള്‍. നവോദയ മക്കാ കമ്മറ്റിയുടെ വകയായി അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കി. ഏരിയാ രക്ഷാധികാരി ശിഹാബുദ്ധീന്‍ കോഴിക്കോട്, ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍, അസീസിയ യൂനിറ്റ് പ്രസിഡണ്ട് നൗഷാദ് പത്തനാപുരം, നാസര്‍ കരുളായി, സജീര്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇവരുടെ അധികപേരുടേയും താമസ രേഖകള്‍ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നു. ചിലരുടെ ഇഖാമ ഫ്രീസ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാസങ്ങളായി ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഇവരെ കമ്പനി അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.

നവോദയ പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് മക്കയിലെ ലേബര്‍ കോര്‍ട്ടില്‍ പരാതി സമര്‍പ്പിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും രേഖകള്‍ ശരിപ്പെടുത്തുന്നതിനും ലേബര്‍ കോടതി ഇടപെടുമെന്ന പ്രതീക്ഷയിലാണ്.

ഏരിയാ പ്രസിഡണ്ട് റഷീദ് ഒലവക്കോട്, ജീവകാരുണ്യം കണ്‍വീനര്‍ റഷീദ് മണ്ണാര്‍ക്കാട് എന്നിവരാണ് നവോദയ പ്രതിനിധികളായി ലേബര്‍ കോടതിയില്‍ ജയ്പൂര്‍ സ്വദേശികള്‍ക്കായി നിയമ സഹായത്തിന് എത്തിയത്.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി കൊടുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതായി നവോദയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍ പറഞ്ഞു. ജയ്പൂര്‍ സ്വദേശികള്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യണമെങ്കിലും അവരുടെ ഇഖാമ അടക്കമുള്ള രേഖകള്‍ ശരിപ്പെടുത്തേണ്ടതായുണ്ട്. രേഖകള്‍ ശരിയായിക്കിട്ടിയാല്‍ മറ്റു കമ്പനികളില്‍ ജോലി നോക്കാനാണ് അധിക പേരും താല്‍പ്പര്യപ്പെടുന്നത്.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്