സ്വത്ത് തർക്കം ; പിതൃസഹോദരിയുടെ കാർ കത്തിച്ച യുവാവും കൂട്ടുകാരനും അറസ്റ്റിൽ

തലശ്ശേരി: പിതാവിൻ്റെ സ്വത്ത് തിരികെ നൽകാത്തതിൻ്റെ വൈരാഗ്യത്തിൽ പിതൃസഹോദരിയുടെ കാർ കത്തിച്ച യുവാവും കൂട്ടുകാരനും അറസ്റ്റിൽ. തോട്ടടയിലെ ഹരികൃഷ്ണയിൽ ടി.വി. പ്രമീളയുടെ കെ.എൽ.13. എ ബി 3934 വാഗണർ കാറാണ് തീവെച്ചു നശിപ്പിച്ചത്. കേസിൽ പരാതിക്കാരിയുടെ സഹോദരൻ ഉത്തമൻ്റെ മകൻ അഞ്ചരക്കണ്ടി കുഴിമ്പിലാട്ടെ കടാങ്കോട്ട് വീട്ടിൽ വി. ഉമേഷ് (33), ഉമേഷിൻ്റെ കൂട്ടുകാരൻ കൊക്കൂറതാഴത്ത് എം.എം.ലിജേഷ് (36) എന്നിവരെയാണ് എടക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിലിൻ്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ടമ്പേത്തും പാർട്ടിയും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 4 ന് പുലർച്ചെ ഒന്നരക്കും രണ്ടിനും ഇടയിലാണ് പ്രമീളയുടെ വീട്ടുമുറ്റത്ത് പോർച്ചിൽ നിർത്തിയിട്ട കാറിന് തീപിടിച്ചത്. വിവരമറിഞ്ഞ ഉടനെ സ്ഥലത്ത് എത്തിയ അഗ്നിശമന സേനയും എടക്കാട് പോലീസും തീവച്ചത് ആസൂത്രിതമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എസ്.ഐ.മഹേഷ് കണ്ടമ്പേത്തിൻ്റെ പരിശോധനയിൽ കാറിൻ്റെ എഞ്ചിനടിയിൽ പഴയ ടയറിൽ പഴന്തുണി തിരുകി അതിൽ ഡീസൽ ഒഴിച്ചു തീ കൊടുത്തതാണെന്ന് കണ്ടെത്തിയത്. പരാതിക്കാരിയുടെ മൊഴികളിൽ നിന്നും ലഭിച്ച വിവരങ്ങളും ചേർത്തു നടത്തിയ അന്വേഷണമാണ് പ്രതികളിലെത്തിയത്.
ഏതാനും വർഷം മുൻപ് സഹോദരൻ്റെ സ്വത്ത് പണയം വെച്ച് പ്രമീള ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. യഥാാസമയം വായ്പാ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് കടബാധ്യത കൂടി. തത്സമയം പ്രമീളയുടെ മറ്റൊരു സഹോദരി ഇടപെട്ട് ലോൺ തിരിച്ചടച്ചു രേഖകൾ വീണ്ടെടുത്തു. സ്വത്തിൻ്റെ പ്രതിഫലമായി സഹോദരന് മാസം പ്രതി പത്തായിരം രൂപ നൽകിയിരുന്നു. വിവരമറിഞ്ഞ് സഹോദരൻ്റെ മക്കൾ സ്വത്ത് തിരികെ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്നാണ് പിതൃസഹോദരിയുടെ കാറിന് തീയിട്ടത്.
കാർ കത്തി നശിച്ചതിൽ ഏതാണ്ട് അഞ്ചര ലക്ഷത്തിൻ്റെ നഷ്ടം സംഭവിച്ചിരുന്നു. പ്രതികൾ പഴയ ടയർ വാങ്ങിയ കടയിലെത്തിയും പഴന്തുണിയായ ബഡ്ഷീറ്റ് സംഘടിപ്പിച്ച വീട്ടിലും അന്വേഷണ സംഘം തെളിവെടുത്തു. കൃത്യം നടത്താനായി സഞ്ചരിച്ച കാറും കസ്റ്റഡിയിലുണ്ട് . കണ്ണൂർ എ.സി.പി.പി.പി.സദാനന്ദൻ്റെ നിർദ്ദേശപ്രകാരം രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ എസ്. ഐ. മാരായ മധു, ആർ.പി.വിനോദ് ,സന്തോഷ്, എന്നിവരും എ.എസ്.ഐ.മാരായ രാഗേഷ്, മഹേേഷ്, സി.പി.ഒ.നിഷാന്ത് എന്നിവരും ഉണ്ടായി.





