ഇ ബുൾജെറ്റ് വ്ളോഗർ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി

തലശ്ശേരി: ഇ ബുൾജെറ്റ് വ്ളോഗർ സഹോദരന്മാരായ ഇരിട്ടിയിലെ എബിൻ വർഗ്ഗീസ്, സഹോദരൻ ലിബിൻ വർഗ്ഗീസ് എന്നിവരുടെ ജാമ്യം റദ്ദാക്കില്ല. ഇതിനായി പ്രോസിക്യൂഷൻ മുഖേന കണ്ണൂർ പോലീസ് നൽകിയ ഹർജി ജില്ലാ ജഡ്‌ജി ജോബിൻ സബാസ്റ്റ്യൻ തള്ളി. ഇരുവർക്കും കണ്ണൂർ ജൂഡീഷ്യൽ മജിസ്ട്രേട്ട് (ഒന്ന്) കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ ഇടപെടാൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ജോബിൻ സെബാസ്റ്റ്യൻ തയ്യാറായില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ 9 ന് കണ്ണൂരിലെ ആർ.ടി.ഒ.ഓഫിസിൽ അതിക്രമിച്ചു കയറി ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനായിരുന്നു ഇരുവരും അറസ്റ്റിലായത്. റിമാൻ്റിലായ സഹോദരങ്ങൾക്ക് മണിക്കൂറുകൾക്കകം ഉപാധികളോടെ ജാമ്യം കിട്ടി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് വ്യക്തമായ തെളിവുകൾ ഇല്ലായിരുന്നു.
തത്സമയം ഓഫീസിൽ ഉണ്ടായ നാശ നഷ്ടങ്ങൾക്ക് 7000 രൂപ നഷ്ടപരിഹാരം നൽകേണ്ടി വന്നിരുന്നു. കുറ്റാരോപിതർക്ക് ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സമർത്ഥിക്കാനും പ്രോസിക്യൂഷനായില്ല. മണാലിയിൽ കഞ്ചാവ് ലഭിക്കുമെന്ന് യൂ ട്യൂബിൽ നൽകിയെന്നായിരുന്നു പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നത്. ഇരുവർക്കും കണ്ണൂർ കോടതി ജാമ്യം അനുവദിക്കും മുൻപെ കസ്റ്റഡി അപേക്ഷയുമായി പോലീസ് എത്തിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കുറ്റാരോപിതരുടെ കൂടുതൽ നിയമലംഘന വിവരങ്ങൾ പുറത്ത് വന്നതോടെയാണ് ജാമ്യം റദ്ദാക്കാൻ പോലീസ് മേൽ കോടതിയെ സമീപിച്ചത്.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.






