മണ്ണാർക്കാട് പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവാണ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരവസ്ഥയിലുള്ള പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹോദരനും മുത്തശ്ശിയും പെൺകുട്ടിയും മാത്രമുള്ള വീട്ടിലാണ് അയൽവാസിയായ ജംഷീർ കയറിയാത് . വീട്ടിനുള്ളിൽ ഇയാൾ എങ്ങനെ കയറിയെന്നത് അവ്യക്തമാണിപ്പോൾ. കുട്ടിയുടെ നിലവിളി ‌കേട്ടെത്തിയ മുത്തശ്ശി കണ്ടത് കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലുള്ള പെൺകുട്ടിയെയാണ്. മുത്തശ്ശിയെ കണ്ടതോടെ അയാൾ അവരെ  ചവിട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി ഇപ്പോൾ ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി.