ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രതി കഴുത്തിലും വയറിലും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആറു തവണ പെണ്‍കുട്ടിക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും യുവാവും ആറു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ശശികൃഷ്ണ ഓട്ടോമൊബൈല്‍ ഷോപ്പിലാണ് ജീവനക്കാരനാണ്. അടുത്തിടെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു എന്നാണ് യുവാവിൻ്റെ സംശയം. ഇതേച്ചൊല്ലി പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ വഴക്കുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കേസിലെ പ്രതിയായ ശശികൃഷ്ണയെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് പിടികൂടി. പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് ഇയാളെ നരസാരോപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവത്തില്‍ ആന്ധ്രയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവര്‍ത്തകരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഗുണ്ടൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇത് രാഷ്ട്രീയ, ജാതി പ്രശ്‌നമാക്കി മാറ്റരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഡി.ജി.പി. ഗൗതം സവാങ് പറഞ്ഞു.







