യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവരുടെ സന്ദര്‍ശന വിസയുടെ സാധുത സെപ്റ്റംബര്‍ 30 വരെ നീട്ടി

റിയാദ്: യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവരുടെ സന്ദര്‍ശന വിസയുടെ സാധുത സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരുവിധത്തിലുള്ള ഫീസും ഈടാക്കാതെയാകും സന്ദര്‍ശന വിസ പുതുക്കുക. വിസ യാന്ത്രികമായി പുതുക്കും. സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിസയാണ് സ്വമേധയാ പുതുക്കുക. https://enjazit.com.sa/enjaz/extendexpiredvisa  എന്ന ലിങ്ക് വഴിയാണ് വിസ പുതുക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലുടെയാണ് ഇത്‌സംബന്ധമായി അറിയിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കൊറോണ വൈറസ് പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള ഏതാനും രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കാലഹരണപ്പെട്ട വിസിറ്റ് വിസകളുള്ളവരായിരിക്കും ഇതിന്റെ ഗുണഭോക്താക്കളെന്ന് മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ പ്രസ്താവിച്ചതനുസരിച്ച് കോവിഡ് -19 കാരണം ഉടലെടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് സൗദി സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.

കഴിഞ്ഞ മാസം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) ഇഖാമയുടെ (റെസിഡന്‍സി പെര്‍മിറ്റ്) സാധുതയും രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്‌സിറ്റ്, റീ-എന്‍ട്രി വിസകളും, കൂടാതെ വിസിറ്റ് വിസയുടെ സാധുതയും ഫീസ് കൂടാതെ യാന്ത്രികമായി ഓഗസ്റ്റ് 31 വരെ നീട്ടുവാന്‍ തിരുമാനിച്ചിരുന്നു.

ഇരുഹറം കാര്യാലയ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള തീരുമാനം നിലവില്‍ യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും ബാധകം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ ഉള്ളവര്‍ക്ക് ഇത് ബാധകമല്ല.

അതേസമയം ലേബര്‍, വിസിറ്റ് വിസ കൈവശമുള്ള ഈ രാജ്യങ്ങളിലുള്ളവര്‍ യാത്ര പുറപ്പെട്ടതിന് ശേഷം യാത്രാവിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് രണ്ടാഴ്ച ചെലവഴിച്ചില്ലെങ്കില്‍, സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.

നിലവില്‍, ഇന്ത്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യു.എ.ഇ, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, ലെബനന്‍ എന്നിവയാണ് സൗദിയിലേക്ക് യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങള്‍.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക