ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്പാക് ടോപ്പേഴ്‌സ് അവാര്‍ഡ് സമ്മാനിച്ചു

ദമ്മാം: ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നിന്നും സ്‌ളസ് ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പേരന്റ്‌സ് അസോസിയേഷന്‍ (ഡിസ്പാക്) ടോപ്പേഴ്‌സ്  അവാര്‍ഡ് സമ്മാനിച്ചു. കോവിഡ് നിബന്ധനകള്‍ പാലിച്ച് ദാറസ്സിഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡിസ്പാക് പ്രസിഡന്റ് സി.കെ ഷഫീഖ് അധ്യക്ഷനായിരുന്നു.

പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവും, ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോക്ടര്‍ സിദ്ദീഖ് അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം ജീവിത മൂല്ല്യങ്ങള്‍ കൂടി കൈവരിക്കുമ്പോഴാണ് ഒരാളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളെ അറിഞ്ഞു വളരാനുള്ള അവസരങ്ങള്‍ കോവിഡ് കാലം നഷ്ടപ്പെടുത്തിയെങ്കിലും ഓണ്‍ലൈണ്‍ പഠനമുള്‍പെടേയുള്ള പുതിയ അറിവുകളിലേക്ക് നാം എത്തപ്പെട്ടതിനെ പ്രതീക്ഷയോടെ കാണേണ്ടതുണ്ട്. ഇന്ത്യയിലെ ആകര്‍ഷകമായ ഉദ്യോഗ മേഖകളില്‍ എത്തിപ്പെടാന്‍ അനുഗുണമായ രീതിയില്‍ സൗദിയില്‍ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളും, പരിശീലന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കോവിഡ് മഹാമാരി നിരവധി രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം ഫീസ് നല്‍കാന്‍ സാധിക്കാതെ പഠനം മുടങ്ങുന്ന അവസ്ഥകള്‍ കാരണമാകുന്നുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികളുടെ പഠനം മുന്നോട്ട് കൊണ്ട് പോകുവാന്‍ ഇന്ത്യന്‍ സമൂഹത്തിലെ സംഘടനകളും, ഇന്ത്യന്‍ കമ്പനികളും മുന്നോട്ട് വരണമെന്നും ഇറാം ഗ്രൂപ്പിന്റെ നിസ്സീമ പിന്തുണ ആദ്യമായി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.  സര്‍ഗാത്കതയെ തളര്‍ത്തിക്കളഞ്ഞ കോവിഡ് കാലഘട്ടത്തിലെ ഒരോ അനുമോദനങ്ങളും, കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നാട്ട് കുതിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കട്ടെയെന്നും ഡോ: സിദ്ദീഖ് അഹമ്മദ് ആശംസിച്ചു.

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ മെഹ്‌നാസ് ഫരീദ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്‌ളസ് ടു  കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഇതുവരെ കഴിഞ്ഞ ചുറ്റുപാടുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു മേഖലയിലേക്കാണ് എത്തിച്ചേരാന്‍ പോകുന്നതെന്നും, സൗദിയുടെ സുരക്ഷിതത്വത്തില്‍ നിന്നു മാറി കിട്ടിയ പുതിയ സാഹചര്യങ്ങളില്‍ ലഭ്യമാകുന്ന സ്വാതന്ത്ര്യം  മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന മൂല്യങ്ങളോടെ കാത്തുസൂക്ഷിക്കണമന്നും പ്രിന്‍സിപ്പള്‍ ആവശ്യപ്പെട്ടു. പ്‌ളസ് ടു, പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്ലഉസ്മാഖാന്‍, ആദിത് ജയിന്‍, അഭയ്കൃഷ്ണ, വിഷ്ണു മോയ്ത്തുകുടി, പത്താം ക്ലാസിലെ വിജയികളായ ആരവ് ഗുരുപ്രസാദ് കമ്മത്ത്, അസ്‌ന ഷെഫീഖ, നാഹൂര്‍ മീരാന്‍, അയ്‌ന മാര്‍ട്ടിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡിസ്പാക് കുടുബത്തില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികളായ നിരഞ്ജന്‍ ബിന്‍സ്, ജ്യോതികാ അനില്‍കുമാര്‍, മുഹമ്മദ് റഫാന്‍, ആകാശ് ഗംഗ എന്നിവര്‍ക്കും മെമെന്‍േറാ സമ്മാനിച്ചു.

ആക്ടിംഗ്  ജന:സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍ പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് താജു അയ്യാരില്‍ സ്വാഗതവും മുജീബ് കളത്തില്‍ നന്ദിയും പറഞ്ഞു. ഷമീം  കാട്ടാക്കട, സാദിഖ് അയ്യാലില്‍, അസ്‌ലം ഫറോക്, അനില്‍ കുമാര്‍, ഗംഗാധരന്‍, ബിന്‍സ് മാത്യു, നാസര്‍ കടവത്ത് എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. ഉസൈര്‍ ഖാന്‍ ഖിറാഅത്ത് നടത്തി.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക