പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍നിന്നും കാണാതായ ഉപകരം തിരികെ ലഭിച്ചു; മോഷ്ടിച്ചവര്‍തന്നെ തിരികെ എത്തിച്ചതാണെന്ന് സംശയം

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കാണാതായ വീഡിയോ ലാവിങ്കോ സ്‌കോപ്പ് തിരികെ ലഭിച്ച ആശ്വാസത്തിലാണ് ആശുപത്രി അധികൃതരും പോലീസും. മോഷ്ടിച്ചവര്‍തന്നെ വീഡിയോ ലാവിങ്കോ സ്‌കോപ്പ് തിരികെ എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്.

ഏകദേശം ഏഴ് ലക്ഷം രൂപ വിലമതിക്കുന്നതാണ് വീഡിയോ ലാവിങ്കോ സ്‌കോപ്പ് എന്ന ഉപകരണം. ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് മോഷണം പോയതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. മോഷണം സംബന്ധമായി പോലീസ് കേസെടുത്തു അന്വേഷണം നടന്നുവരുന്നത്ഇടയിലാണ് നാടകീയമായി നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സ്ഥലത്തുതന്നെ മോട്ട്ടിച്ചവര്‍ തിരികെയെത്തിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഉപകരണം എഷ്ടപ്പെട്ട സ്ഥലത്തുവെച്ചുതന്നെ കണ്ടെത്തിയത്. ഓപ്പറേഷന്‍ തിയേറ്ററിലെ ജീവനക്കാരനായ അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. ചാള്‍സാണ് ഉപകരണം കണ്ടെത്തിയ കാര്യന്ന അറിയിച്ചത്. വിവരറിഞ്ഞെത്തിയ പരിയാരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഉപകരണം കസ്റ്റഡിയിലെടുത്തു. വിരലടയാളം ശേഖരിക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും എസ്.ഐ കെ.വി.ബാബു പറഞ്ഞു.