കോണ്‍ഗ്രസ് പ്രവർത്തകർ വീട് വെച്ചു നൽകി

തലശ്ശേരി: പിണറായിയിലായാലും നാഗ്പൂരിലായാലും കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്തിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. പിണറായിക്ക് സമീപം എരുവട്ടി പൊട്ടന്‍പാറയില്‍ അടുത്തിടെ കുഴഞ്ഞ് വീണ് മരിച്ച സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.വി ദിനേശന്റെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഷാഫി.
രാഷട്രീയമായി നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ക്കിടയിലും പിണറായി പൊലുള്ള സ്ഥലത്ത് അത്താണി നഷ്ടപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കിയ പ്രവര്‍ത്തനം മാതൃകാപരമാണ്. ഇതാണ് യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തനമെന്നും ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും ഷാഫി പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുനിഞ്ഞിറങ്ങിയാല്‍ അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മമ്പറം ദിവാകരന്‍ അധ്യക്ഷനായി. വി.എ നാരായണന്‍, കെ.രമേശന്‍ മാസ്റ്റര്‍, സുധീപ് ജയിംസ്, സുജിത്ത് കാരായി,പുതുക്കുടി ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.






